AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Leptospirosis: ഇനി പേടിക്കണം എലിപ്പനിയേയും, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Beware of Leptospirosis: പെട്ടെന്നുള്ള ശക്തമായ പനിയും കഠിനമായ തലവേദനയും പേശി വേദനയും വിറയലുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

Leptospirosis: ഇനി പേടിക്കണം എലിപ്പനിയേയും, ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്
LeptospirosisImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 30 Jun 2025 20:05 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. എലിപ്പനി കേസുകൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാവരും അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർദ്ദേശിച്ചു. എലിപ്പനി ബാധിച്ചാൽ രോഗം പെട്ടെന്ന് തീവ്രമാകാം എന്നതിനാൽ ഈ വിഷയത്തിൽ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്.

രോഗം പടരുന്നത്

എലി അണ്ണൻ പശു ആട് നായ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെയും വിസർജ്യത്തിലൂടെയും പുറത്തുവരുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ വഴിയാണ് എലിപ്പനി ഉണ്ടാകുന്നത്. മലിനജലവുമായോ മണ്ണുമായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെ, പ്രത്യേകിച്ച് തൊലിയിലെ മുറിവിലൂടെയോ കണ്ണ് മൂക്ക് വായ എന്നിവയിലെ സ്ലേഷ്മ തരത്തിലൂടെയോ രോഗാണുക്കൾ മനുഷ്യ ശരീരത്തിൽ പ്രവേശിക്കാം.

രോഗലക്ഷണങ്ങൾ

പെട്ടെന്നുള്ള ശക്തമായ പനിയും കഠിനമായ തലവേദനയും പേശി വേദനയും വിറയലുമാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ നടുവേദന കണ്ണിന് ചുവപ്പ് നിറം മഞ്ഞപ്പിത്തം മൂത്രം മഞ്ഞനിറത്തിൽ പോവുക എന്നീ ലക്ഷണങ്ങളും കണ്ടേക്കാം. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

പ്രതിരോധ മാർഗങ്ങൾ

എലിപ്പനി ഒരു മാരകമായ രോഗമാണെങ്കിലും ശരിയായ പ്രതിരോധ മാർഗങ്ങളിലൂടെയും സമയബന്ധിതമായ ചികിത്സയിലൂടെയും ഇത് പൂർണ്ണമായും തടയാൻ സാധിക്കും.

  • മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്‌ളിൻ 200 മില്ലിഗ്രാം ആഴ്ചയിലൊരിക്കൽ കഴിക്കേണ്ടതാണ്. ഈ ഗുളികകൾ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.
  • മലിന ജലവുമായി സമ്പർക്കത്തിൽ വരുന്നവർ കൈയുറ മുട്ടുവരെയുള്ള കാലുറ മാസ്ക് തുടങ്ങിയവ ധരിക്കേണ്ടത് അത്യാവശ്യമാണ്.
  • വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന ഒഴിവാക്കുക എലികളെ നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയും ചെയ്യണം.
  • ഭക്ഷണം തുറന്നു വയ്ക്കാതിരിക്കുക, എലി കടന്നുചെല്ലാൻ സാധ്യതയുള്ള സ്ഥലങ്ങൾ അടയ്ക്കുക
  • തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
  • എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ യാതൊരു കാരണവശാലും സ്വയം ചികിത്സ പാടില്ല

ആരംഭത്തിൽ കണ്ടെത്തി ചികിത്സിച്ചാൽ സങ്കീർണതകളിൽ നിന്നും മരണത്തിൽ നിന്നും രക്ഷപ്പെടാൻ കഴിയുന്ന ഒന്നാണ് എലിപ്പനി.