Irinjalakkuda Investment Scheme: അമിത പലിശ വാഗ്ദാനം ചെയ്ത് 100 കോടി തട്ടി; ട്രേഡിങ് സ്ഥാപന ഉടമകൾ ഒളിവിൽ, സംഭവം തൃശൂരിൽ
Billion Bees Trading Company Scam in Irinjalakuda: ട്രേഡിങിലൂടെ അമിതമായ പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ബില്യൺ ബീസ് എന്ന സ്ഥാപനം വലിയ സാമ്പത്തിക നിക്ഷേപം സ്വീകരിച്ചത്. 2020ലാണ് ഇവർ പ്രവർത്തനം ആരംഭിച്ചത്.

തൃശൂർ: അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപരിൽ നിന്ന് കോടികൾ തട്ടിയെന്ന് പരാതി. ഇരിഞ്ഞാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ബില്യൺ ബീസ് എന്ന സ്ഥാപനമാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. കേരളത്തിലാകെ ഏകദേശം 100 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ സ്ഥാപന ഉടമകൾ മുങ്ങിയെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്രേഡിങിലൂടെ അമിതമായ പലിശ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് ബില്യൺ ബീസ് എന്ന സ്ഥാപനം വലിയ സാമ്പത്തിക നിക്ഷേപം സ്വീകരിച്ചത്. 2020ലാണ് ഇവർ ഇത്തരം പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ നിക്ഷേപ സമാഹരണം നടത്തിയത് സ്ഥാപന ഉടമയായ വിപിൻ ആയിരുന്നു. ഇവരുടെ കപട വാഗ്ദാനം വിശ്വസിച്ച് നിരവധി പേരാണ് ഇതിൽ നിക്ഷേപം നടത്തിയത്. പണം നിക്ഷേപിച്ച ശേഷം ആദ്യത്തെ അഞ്ച് മാസത്തോളം ഇവർക്ക് സ്ഥാപനം നൽകാമെന്ന് പറഞ്ഞ പലിശ കൃത്യമായി ലഭിച്ചിരുന്നു. പലിശ ലഭിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ പലരും വീണ്ടും ഇതേ സ്ഥാപനത്തിൽ തന്നെ നിക്ഷേപം നടത്തി. രണ്ടു കോടി രൂപയോളം നിക്ഷേപം നടത്തിയവരും ഈ കൂട്ടത്തിൽ ഉണ്ട്.
ALSO READ: കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; കള്ളക്കടൽ ജാഗ്രതാ നിർദേശം, കന്യാകുമാരി തീരങ്ങളിൽ മുന്നറിയിപ്പ്
എന്നാൽ, കൂടുതൽ നിക്ഷേപകർ രംഗത്ത് വന്നതോടെ ഇവർ പണം തട്ടിയെടുത്ത മുങ്ങുകയായിരുന്നു. ഇരിഞ്ഞാലക്കുടയിൽ നിന്ന് മാത്രം ഇതുവരെ ഈ സ്ഥാപനത്തിനെതിരെ പരാതി നൽകിയത് 32 പേരാണ്. 2024 ഡിസംബർ മാസത്തിലാണ് ഇരിഞ്ഞാക്കുട പൊലീസിന് ആദ്യ പരാതി ലഭിച്ചത്. ഇതിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തട്ടിപ്പിനിരയായ മറ്റ് നിക്ഷേപകരുടെ പരാതികൾ കൂടി പോലീസ് ഇപ്പോൾ സ്വീകരിച്ചു വരികയാണ്.
ഇരിഞ്ഞാലക്കുടയിൽ നിന്നാണ് ഇവർ തട്ടിപ്പ് ആരംഭിച്ചതെങ്കിലും പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചതായാണ് വിവരം. കേരളത്തിന് പുറത്തും ദുബൈയിലും ഉൾപ്പടെ ഈ സ്ഥാപനത്തിന് ശാഖകൾ ഉണ്ട്. നിരവധി പേർ ദുബായിലും നിരവധി പേർ നിക്ഷേപം നടത്തിയിട്ടുണ്ട്.