Police Brutality: പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീ പീഡനം അനുഭവിച്ചെന്ന കേസ് ക്രൈംബ്രാഞ്ചിന്; പത്തനംതിട്ട ഡിവൈഎസ്പി അന്വേഷിക്കും
Bindu Fake Chain Theft : ദളിത് യുവതി പോലീസ് സ്റ്റേഷനിൽ പീഡനമേറ്റ കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ വിദ്യാധരനാണ് കേസ് അന്വേഷിക്കുക.
തിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീ പീഡനം അനുഭവിച്ചെന്ന കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരനാണ് അന്വേഷണച്ചുമതല. മോഷണക്കുറ്റം ആരോപിച്ചാണ് പേരൂർക്കട പോലീസ് സ്റ്റേഷനിൽ ദളിത് യുവതിയായ ബിന്ദുവിന് പീഡനം നേരിട്ടത്.
മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവിനെ തുടർന്നാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയ്ക്ക് അന്വേഷണച്ചുമതല ഏല്പിച്ചത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറത്ത് ജോലിചെയ്യുന്ന ഡിവൈസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നതായിരുന്നു മനുഷ്യാവകാശ കമ്മീഷൻ്റെ ഉത്തരവ്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പോലീസിന് വീഴ്ചയുണ്ടായതായി തെളിഞ്ഞിരുന്നു. കസ്റ്റഡി ജിഡിയിൽ രേഖപ്പെടുത്തിയില്ലെന്നതടക്കമുള്ള കണ്ടെത്തലുകളുണ്ട്.
കഴിഞ്ഞ മാസം 23നാണ് ബിന്ദുവിന് പോലീസ് സ്റ്റേഷനിൽ പീഡനം നേരിട്ടത്. ഓമനാ ഡാനിയേലെന്ന സ്ത്രീ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ ബിന്ദുവിനെ പോലീസ് പേരൂർക്കട സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിൽ വച്ചിരുന്ന മാല കാണാനില്ലെന്നും ബിന്ദുവിനെ സംശയമുണ്ടെന്നുമായിരുന്നു പരാതി. പനവൂർ പനയമുട്ടം സ്വദേശിനിയായ ബിന്ദുവിനെ പിന്നീട് പോലീസ് 20 മണിക്കൂറോളം ക്രൂരമായ ചോദ്യം ചെയ്യലിന് ഇരയാക്കി. ബിന്ദുവിൻ്റെ വീട്ടിലും വസ്ത്രമഴിച്ചുമൊക്കെ പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല. ഇതിനിടെ ഓമനാ ഡാനിയേലിൻ്റെ വീട്ടിൽ നിന്ന് തന്നെ മാല കണ്ടെത്തി. പിന്നാലെ ഔദാര്യം കൊണ്ട് കേസെടുക്കുന്നില്ലെന്ന് പറഞ്ഞ് ബിന്ദുവിനെ പോലീസ് പറഞ്ഞയച്ചു.
പോലീസ് സ്റ്റേഷനിൽ വച്ച് തനിക്ക് കുടിയ്ക്കാൻ വെള്ളം പോലും നൽകിയില്ലെന്ന് യുവതി ആരോപിച്ചിരുന്നു. സംഭവത്തിൽ യുവതി പരാതിനൽകിയതോടെ പേരൂർക്കട എസ്ഐ പ്രസാദിനെയും എഎസ്ഐ പ്രസന്നകുമാറിനെയും സസ്പൻഡ് ചെയ്തു. എന്നാൽ, മറ്റ് പോലീസുകാരും തന്നോട് മോശമായി പെരുമാറിയെന്ന് ബിന്ദു വെളിപ്പെടുത്തി. ആറ് പോലീസുകാർക്കെതിരെയാണ് ബിന്ദു മൊഴിനൽകിയത്. ഇവർ അസഭ്യം പറഞ്ഞെന്നും മോശമായി പെരുമാറിയെന്നും ബിന്ദു പറഞ്ഞു. രാത്രി മുഴുവൻ പോലീസിൻ്റെ കടുത്ത മാനസിക പീഡനവും അസഭ്യവും ഭീഷണിയും ഏൽക്കേണ്ടിവന്നു. നീതി ലഭിച്ചെങ്കിലേ തനിക്ക് ഇനി ജീവിക്കാൻ കഴിയൂ എന്നും ബിന്ദു പറഞ്ഞു.