UK f35 Fighter Plane: തകരാർ പരിഹരിച്ചില്ലെങ്കിൽ ബ്രിട്ടീഷ് യുദ്ധവിമാനം എയർലിഫ്റ്റ് ചെയ്യും; വിദഗ്ദ്ധസംഘം ഈയാഴ്ച തലസ്ഥാനത്ത്
British f35 fighter Plane: എഫ്-35ൻ്റെ തകരാർ പരിശോധിക്കാൻ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ രണ്ട് ഉദ്യോഗസ്ഥർ എത്തിയിരുന്നു. നിലവിൽ ഇവരുൾപ്പെടെ ഏഴുപേരാണ് വിമാനത്തിന്റെ മേൽനോട്ടത്തിനായി ഇവിടെ തുടരുന്നത്. കഴിഞ്ഞ മാസം 14ാം തീയതിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രീട്ടീഷ് വിമാനം അടിയന്തരമായി ഇറക്കിയത്.

British F35 Fighter Plane
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എഫ്-35 യുദ്ധവിമാനം നന്നാക്കാൻ വിദഗ്ദ്ധസംഘം എത്തുന്നു. ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം പരിശോധിച്ച് നന്നാക്കുന്നതിനായി സംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം. 40 അംഗ ബ്രിട്ടീഷ്-അമേരിക്കൻ സാങ്കേതിക വിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക.
ബ്രിട്ടീഷ് എഫ്-35 നിർമിച്ചത് അമേരിക്കൻ കമ്പനിയായ ലോക്കീഡ് മാർട്ടിൻ എന്ന കമ്പനിയാണ്. വിദഗ്ധ സംഘത്തിനൊപ്പം കമ്പനിയിൽ നിന്നുള്ളവരും ഉണ്ടാകും. ബ്രിട്ടീഷ് സൈന്യത്തിന്റെ തന്നെ സി-17 ഗ്ലോബ് മാസ്റ്റർ വിമാനത്തിലാണ് ഈ സംഘം തിരുവനന്തപുരത്ത് എത്തുക. അതേസമയം യുദ്ധവിമാനത്തിൻ്റെ സാങ്കേതിക തകരാർ പരിഹരിക്കാനായില്ലെങ്കിൽ ചിറകുകൾ അഴിച്ച് എയർലിഫ്റ്റ് ചെയ്യാനാണ് നീക്കം. സൈനിക ചരക്കുവിമാനമായ ഗ്ലോബൽ മാസ്റ്ററിൽ തന്നെ തിരികെക്കൊണ്ടുപോകാനാണ് നിലവിലെ തീരുമാനം.
വിമാനത്തിന്റെ രണ്ടു ചിറകുകളും അഴിച്ചുമാറ്റിയാൽ മാത്രമെ ഈ ശ്രമം നടക്കുകയുള്ളൂ. ഈ മാസം തന്നെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കൊണ്ടുപോകുമെന്നാണു സൂചന. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി ലഭിച്ചാലുടൻ സംഘം തലസ്ഥാനത്തെത്തുകയുള്ളൂ.
അതിനിടെ എഫ്-35ൻ്റെ തകരാർ പരിശോധിക്കാൻ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് റോയൽ എയർഫോഴ്‌സിന്റെ രണ്ട് ഉദ്യോഗസ്ഥർ എത്തിയിരുന്നു. നിലവിൽ ഇവരുൾപ്പെടെ ഏഴുപേരാണ് വിമാനത്തിന്റെ മേൽനോട്ടത്തിനായി ഇവിടെ തുടരുന്നത്. കഴിഞ്ഞ മാസം 14ാം തീയതിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രീട്ടീഷ് വിമാനം അടിയന്തരമായി ഇറക്കിയത്.
ഇന്ധനക്കുറവുണ്ടായതിനെ തുടർന്നാണ് അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽനിന്നു പറന്നുയർന്ന എഫ്-35 ഇവിടെ ഇറക്കിയത്.