Pinarayi Vijayan: കേന്ദ്രാനുമതിയുണ്ടെങ്കിലേ കെറെയിൽ വരൂ; അനുമതി ലഭിക്കാത്തതിന് കാരണം ഇവിടെയുള്ള ചില ആളുകൾ: മുഖ്യമന്ത്രി
Pinarayi Vijayan About K Rail: കേന്ദ്രാനുമതിയുണ്ടെങ്കിലേ കെറെയിൽ നിലവിൽ വരൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ലഭിക്കാത്തതിന് കാരണം ഇവിടെയുള്ള ചിലരാണ്. ഇന്നല്ലെങ്കിൽ നാളെ കെറെയിൽ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി വിജയൻ
കെറെയിൽ ഇന്നല്ലെങ്കിൽ നാളെ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിൻ്റെ അനുമതിയോടെയേ പദ്ധതി നടപ്പാക്കാൻ കഴിയൂ. കേന്ദ്രം അംഗീകാരം നൽകാത്തതിന് കാരണം ഇവിടെയുള്ള ചില ആളുകളാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷകവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം.
സിൽവർ ലൈൻ നടപ്പാക്കാൻ കേന്ദ്രത്തിൻ്റെ അനുമതി വേണമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണ രീതിയിൽ അതിന് ആരും എതിര് നിൽക്കേണ്ടതില്ല. രാജ്യത്തിൻ്റെ പുരോഗമനമാണ് കേന്ദ്രസർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. അങ്ങനെ വരുമ്പോൾ ഇതിനെ എതിർക്കേണ്ടതില്ല. ആത്മവിശ്വാസത്തോടെയാണ് പദ്ധതി മുന്നോട്ടുവച്ചത്. എന്നാൽ, മുന്നോട്ടുവച്ചപ്പോൾ നിർഭാഗ്യകരമായ അവസ്ഥയുണ്ടായി. പദ്ധതിയ്ക്ക് അംഗീകാരം നൽകില്ലെന്ന അവസ്ഥയുണ്ടാക്കിയത് ഇവിടെയുള്ള ചില ആളുകളാണ്. പദ്ധതി വേണ്ട എന്നല്ല, ഇപ്പോൾ വേണ്ടെന്നതാണ് കേന്ദ്രനിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യവികസനത്തിനൊപ്പം കേന്ദ്രം നിൽക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, വികസനവിരുദ്ധർക്കൊപ്പമാണ് കേന്ദ്രം നിന്നത്. അത് രാഷ്ട്രീയമാണ്. അങ്ങനെയാവട്ടെ എന്ന് തങ്ങളും തീരുമാനിച്ചു. കുറേ ശ്രമിച്ചിട്ടും നടക്കുന്നില്ലെന്നായപ്പോൾ തത്കാലം പദ്ധതി നിർത്തിവച്ചു. കുറച്ചുകാലം കഴിഞ്ഞ് ഇ ശ്രീധരൻ അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൽ പദ്ധതി അവതരിപ്പിച്ചു. പദ്ധതിയിൽ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ഈ നിർദ്ദേശവും ഞങ്ങൾ അംഗീകരിച്ചു. അതുമായി വീണ്ടും കേന്ദ്രത്തെ സമീപിച്ചു. ഇതിൽ ഒരു പ്രതികരണവും ഉണ്ടായില്ല. പക്ഷേ, എല്ലാ കാലത്തും അത് ഇങ്ങനെയാവുമെന്ന് ആരും കരുതണ്ട. ഇന്നല്ലെങ്കിൽ നാളെ കെറെയിൽ യാഥാർത്ഥ്യമാകുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
2017 ജനുവരിയിലാണ് കെ റെയിൽ എന്ന ആശയം അവതരിപ്പിക്കപ്പെടുന്നത്. കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ സെമി ഹൈസ്പീഡ് റെയിൽപാത എന്നതായിരുന്നു ആശയം. ഇതിനുള്ള സ്ഥലമെടുപ്പിനുള്ള ശ്രമങ്ങൾ നടന്നെങ്കിലും കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇത് നിർത്തിവച്ചു. പിന്നീട്, കേന്ദ്രം പച്ചക്കൊടി കാണിക്കാത്തതിനെ തുടർന്ന് പദ്ധതി താത്കാലികമായി ഉപേക്ഷിക്കുകയായിരുന്നു.