CM Pinarayi Vijayan Birthday: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാൾ; ഇത്തവണയും ആഘോഷങ്ങളില്ല
Chief Minister Pinarayi Vijayan 80th Birthday: 1945 മാർച്ച് 21നാണ് ഔദ്യോഗിക രേഖകൾ പ്രകാരം പിണറായി വിജയൻറെ പിറന്നാൾ. എന്നാൽ, യഥാർത്ഥ ജന്മദിനം 1945 മെയ് 24നാണ് എന്ന് പിണറായി വിജയൻ തന്നെയാണ് മുമ്പ് അറിയിച്ചത്.
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 80-ാം പിറന്നാളാൾ. പതിവു പോലെ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ ജന്മദിനവും കടന്നുപോകുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ ഇന്നലെയാണ് സമാപിച്ചത്. അതിനാൽ, ഇന്ന് മുതൽ മുഖ്യമന്ത്രി വീണ്ടും ഓഫീസിൽ എത്തി തുടങ്ങും. ഇന്ന് ഉച്ചയ്‌ക്കുശേഷം മൂന്ന് ഔദ്യോഗിക യോഗങ്ങളുമുണ്ട്.
1945 മാർച്ച് 21നാണ് ഔദ്യോഗിക രേഖകൾ പ്രകാരം പിണറായി വിജയൻറെ പിറന്നാൾ. എന്നാൽ, 1945 മെയ് 24നാണ് യഥാർത്ഥ ജന്മദിനം എന്ന് പിണറായി വിജയൻ തന്നെയാണ് മുമ്പ് അറിയിച്ചത്. 2016ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേ ദിവസമായിരുന്നു യഥാർത്ഥ പിറന്നാൾ ദിനത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. അതേസമയം, മുഖ്യമന്ത്രിയായി പിണറായി വിജയൻ അധികാരത്തിൽ എത്തിയിട്ട് നാളെ (മെയ് 25) ഒമ്പത് വർഷം പൂർത്തിയാകുകയാണ്.
1945 മെയ് 24ന് കണ്ണൂർ പിണറായി മുണ്ടയിലാണ് പിണറായി വിജയൻ ജനിച്ചത്. കോരന്റെയും കല്യാണിയുടെയും മകനായി ജനിച്ച ഇദ്ദേഹം ശാരദ വിലാസം എൽപി സ്‌കൂളിലും തലശ്ശേരി ബ്രണ്ണൻ കോളേജിലുമായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബ്രണ്ണൻ കോളേജിൽ ബിഎ എക്കണോമിക്സിന് പഠിക്കുന്ന കാലത്ത് കേരള സ്റ്റുഡന്റസ് ഫെഡറേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായ പിണറായി വിജയൻ, 1964ൽ കെഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗമായി. പിന്നീട് കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റായി. തുടർന്ന്, 1967ൽ സിപിഎമ്മിന്റെ തലശ്ശേരി മണ്ഡലം കമ്മിറ്റി സെക്രട്ടറിയും, 1968ൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായി.
1972ൽ ജില്ലാ സെക്രട്ടറിയായ ഇദ്ദേഹം, 1978ൽ സംസ്ഥാന കമ്മിറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, 1998 സെപ്റ്റംബർ 25ന് മന്ത്രിപദം ഉപേക്ഷിച്ച് പാർട്ടി സെക്രട്ടറിയായി. ശേഷം കണ്ണൂരിലും മലപ്പുറത്തും കോട്ടയത്തും നടന്ന സ്റ്റേറ്റ് കോൺഫറൻസിൽ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയൻ, പിന്നീട് പൊളിറ്റ് ബ്യൂറോ അംഗവുമായി. തുടർന്ന്, 2016ലാണ് ആദ്യ പിണറായി സർക്കാർ അധികാരമേൽക്കുന്നത്.