Double Murder Punishment: ചെന്താമരയ്ക്ക് തൂക്കു കയർ ? കൊലക്കേസ് പ്രതി വീണ്ടും കൊലപാതകം ചെയ്താൽ വധശിക്ഷ ലഭിക്കുമോ?
Double Murder Punishment In India: കൊലകേസിൽ ശിക്ഷിച്ച് ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി വീണ്ടും കൊലപാതകം നടത്തിയാല്‍ അധികശിക്ഷയെന്ന് നിയമത്തിൽ എവിടെയും പ്രത്യേകം പറയുന്നില്ല. 1983 വരെ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഒരാൾ മറ്റൊരു കൊലപാതകം നടത്തിയാൽ വധശിക്ഷ നൽകണം എന്നായിരുന്നു നിയമം.

കൊച്ചി: ഒരു നാടിനെ മുഴുവൻ നടുക്കിയ ക്രൂര കൊലപാതകമാണ് കഴിഞ്ഞ തിങ്കളാഴ്ച പാലക്കാട് നെന്മാറയിൽ അരങ്ങേറിയത്. പോത്തുണ്ടി ബോയൻ കോളനിയിൽ താമസിക്കുന്ന അമ്മ ലക്ഷമി, മകൻ സുധാകരൻ എന്നിവരെയാണ് പട്ടാപകൽ അരിഞ്ഞുവീഴുത്തിയത്. കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയും അയൽവാസിയുമായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് ഈ ഇരട്ട കൊലപാതകം. അഞ്ച് വർഷത്തെ തീരാപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
പക ആരംഭിച്ചത് 2019-ൽ
വീടിന് എതിർവശത്തുള്ള നീളൻ മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് കാരണമെന്ന് അന്ധവിശ്വാസിയായ ചെന്താമരയോട് ഒരു ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് 2019-ൽ സജിതയെ കൊലപ്പെടുത്തിയത്. ഈ കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ച ജയിലിൽ കഴിയുകയായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് വീണ്ടും ഇരട്ടക്കൊല നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച (ജനുവരി 27) രാവിലെ പത്ത് മണിക്കാണ് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ തന്നെ സജിതയുടെ ഭർത്താവ് സുധാകരൻ വകവരുത്തുമെന്ന് ചെന്താമര ഭയന്നിരുന്നു. ഇതാണ് സുധാകരനെ ലക്ഷ്യമിട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.




Also Read:നീണ്ട മുടിയുള്ള സ്ത്രീകൾ വീടിനടുത്തുണ്ടായാൽ ദോഷം, കണ്ടിരുന്നത് തൃശ്സൂരിലെ മന്ത്രവാദിയെ
പോലീസിന് വീഴ്ച പറ്റിയോ?
കഴിഞ്ഞ അഞ്ച് വർഷമായി വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായിരുന്നു ജാമ്യത്തിലിറങ്ങിയ പ്രതി ചെന്താമര. നെന്മാറ പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്തയിലായിരുന്നു ഇളവ് ലഭിച്ചത്. എന്നാൽ ഇത് ലംഘിച്ച് പ്രതി നെന്മാറിയിലെ സ്വന്തം വീട്ടിൽ കഴിഞ്ഞു. ഇതിനിടെയിൽ പ്രതി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് കഴിഞ്ഞ ഡിസംബർ 29-ന് കൊല്ലപ്പെട്ട സുധാകരനും മകളും പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പ്രദേശത്തേക്ക് ഇനി വരരുത് എന്ന് ഇയാളെ താക്കീതുചെയ്ത് വിട്ടയക്കുക മാത്രമാണ് പോലീസ് ചെയ്തത്. ഇത് പോലീസിന്റെ വീഴ്ചയാണെന്നാണ് സംസ്ഥാന ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്.
പ്രതി പിടിയിൽ
ഇരട്ടക്കൊലകേസിൽ പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി. 36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതി പിടിയിലായത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 12 വരെ റിമാൻഡ് ചെയ്ത പ്രതിയെ ആലത്തൂർ സബ് ജയിലിലേക്കു മാറ്റി. ഇതോടെ കൊലക്കേസ് പ്രതി വീണ്ടും കൊലപാതകം ചെയ്താൽ ശിക്ഷ എന്താകുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്?
കൊലകേസിൽ ശിക്ഷിച്ച് ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി വീണ്ടും കൊലപാതകം നടത്തിയാല്‍ അധികശിക്ഷയെന്ന് നിയമത്തിൽ എവിടെയും പ്രത്യേകം പറയുന്നില്ല. 1983 വരെ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ഒരാൾ മറ്റൊരു കൊലപാതകം നടത്തിയാൽ വധശിക്ഷ നൽകണം എന്നായിരുന്നു നിയമം.ഐപിസി 303-ലായിരുന്നു ഇത് പറഞ്ഞിരുന്നത്. എന്നാൽ ‘മിഥു കേസില്‍’ ഈ നിയമം ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി പറഞ്ഞ് ഇത് റദ്ദാക്കുകയായിരുന്നു. പൗരന്റെ തുല്യാവകാശത്തിനും ജീവിക്കാനുള്ള അവകാശത്തിനും എതിരാണ് ഈ വകുപ്പ് എന്ന് ചൂണ്ടികാട്ടിയാണ് സുപ്രീംകോടതിയുടെ വിലയിരുത്തൽ.
അപൂർവങ്ങളിൽ അപൂർവം ആയി കേസിൽ മാത്രമാണ് വധശിക്ഷ വിധിക്കുന്നത്. കോലപാതക കേസിൽ ജയിലിൽ കഴിയുന്നതിനിടെ ജാമ്യത്തിലിറങ്ങി ഇരട്ടക്കൊലപാതകം നടത്തുന്നതും അപൂര്‍വങ്ങളില്‍ അപൂര്‍വമായി വിലയിരുത്തിയേക്കാം. എന്നാൽ ചെന്താമരയുടെ പേരിലുള്ള ആദ്യകേസ് തെളിയിക്കപ്പെടേണ്ടതുണ്ടെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.