PV Anvar: പിവി അൻവറുമായുള്ള യുഡിഎഫ് സഹകരണം; പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന് റിപ്പോർട്ട്
Cooperation Between PV Anvar And UDF: പിവി അൻവറും യുഡിഎഫുമായുള്ള സഹകരണത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. അസോഷ്യേറ്റ് അംഗമായി അൻവറിനെ പരിഗണിക്കാമെന്നാണ് യുഡിഎഫ് നിലപാട്.

പിവി അൻവർ
പിവി അൻവറുമായുള്ള സഹകരണം സംബന്ധിച്ച് യുഡിഎഫിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഘടകകക്ഷികളുമായി അവസാനവട്ട ചർച്ചകളിലാണെന്ന് മനോരമഓൺലൈൻ്റെ റിപ്പോർട്ടിൽ പറയുന്നു. നിലമ്പൂർ എൽഡിഎഫ് സ്ഥാനാർത്ഥിയെ അടക്കം മാറ്റണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്ന അൻവർ പിന്നീട് മുന്നണിയിലെടുത്താൽ മാത്രം മതിയെന്ന നിലപാട് സ്വീകരിച്ചിരുന്നു. പിന്നീടാണ് അസോഷ്യേറ്റ് അംഗമെന്ന ആശയം ഉയർന്നത്.
യുഡിഎഫിൻ്റെ അസോഷ്യേറ്റ് അംഗമാവാനുള്ള അനുമതി കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് അൻവർ നേടിയിരുന്നു. മുന്നണിയുടെ ഭാഗമാവാതെ പുറത്തുനിന്ന് പാർട്ടിയ്ക്ക് പിന്തുണ നൽകുന്നതാണ് അസോഷ്യേറ്റ് അംഗത്വം. കെകെ രമയുടെ ആർഎംപി ഇതുപോലെ അസോഷ്യേറ്റ് അംഗമാണ്. മുന്നണിയിൽ ഇല്ലാത്തതുകൊണ്ട് തന്നെ യോഗങ്ങളിൽ പങ്കെടുക്കാനാവില്ല. എന്നാൽ, തിരഞ്ഞെടുപ്പിൽ സഹകരിക്കാം.
Also Read: PV Anvar: നിബന്ധനകൾ വച്ച് കോൺഗ്രസ്; മുഖം തിരിച്ച് ലീഗ്: പിവി അൻവറിൻ്റെ തിരിച്ചുവരവ് എളുപ്പമാവില്ല
തൃണമൂലിനെ മുന്നണിയ്ക്കൊപ്പം ചേർക്കില്ലെന്ന് നേരത്തെ തന്നെ യുഡിഎഫ് വ്യക്തമാക്കിയിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിനെ സ്ഥിരം ആക്രമിക്കുന്ന തൃണമൂലിനെ മുന്നണിയിൽ എടുക്കേണ്ടെന്നതായിരുന്നു പാർട്ടി ഹൈക്കമാൻഡിൻ്റെ തീരുമാനം. പിന്നീട് യുഡിഎഫ് നേതൃത്വം തന്നെ അസോഷ്യേറ്റ് അംഗമെന്ന ആശയം മുന്നോട്ടുവെക്കുകയായിരുന്നു. ഇതിലാണ് ഇപ്പോൾ ചർച്ച പുരോഗമിക്കുന്നത്.
അൻവർ മുന്നണിയിലേക്ക് വരുന്നതിൽ മുസ്ലിം ലീഗിന് എതിർപ്പുണ്ടായിരുന്നു. തൃണമൂൽ വിട്ട് അൻവറിന് തനിച്ച് മുന്നണിയിലെത്താമെന്ന് കോൺഗ്രസും നിലപാടെടുത്തിരുന്നു. അസോഷ്യേറ്റ് അംഗത്വമെന്ന ആശയം ഒരു തരത്തിൽ ഈ രണ്ട് നിലപാടുകൾക്കുമൊപ്പമാണെന്നാണ് വിലയിരുത്തൽ.