ED Officer Case: ‘അടച്ചിട്ട മുറിയിൽ നിരന്തരം ഭീഷണി, മാനസിക പീഡനം’; ഇഡിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ED Officer Corruption Case: ഇഡി ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടെന്നും ഓഫീസിൽ വിളിച്ചു വരുത്തി തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും അനീഷ് പറഞ്ഞു.
കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതി കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരൻ അനീഷ് ബാബു. ഇഡി ഉദ്യോഗസ്ഥർക്ക് കേസിൽ പങ്കുണ്ടെന്നും ഓഫീസിൽ വിളിച്ചു വരുത്തി തന്നെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്നും അനീഷ് പറഞ്ഞു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിലെ രാധാകൃഷ്ണൻ എന്ന ഉദ്യോഗസ്ഥനെതിരെയും ആരോപണം ഉന്നയിച്ചു.
കേസിന്റെ കാര്യം പറഞ്ഞ് അടച്ചിട്ട മുറിയിൽ വെച്ച് ഇഡി ഉദ്യോഗസ്ഥർ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും അനീഷ് വെളിപ്പെടുത്തി. ഭീഷണിപ്പെടുത്തിയതിന് പുറമെ മറ്റ് വഴികളിലൂടെ കേസ് സെറ്റിൽ ചെയ്യണമെന്ന് പലതവണ ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഭീഷണി തുടരുന്നതിനിടെയാണ് കൈക്കൂലിപ്പണം കൈമാറിയതെന്നും അനീഷ് പറഞ്ഞു.
ഇടനിലക്കാരനായി നിന്നത് വിൽസൺ എന്നയാളാണ്. പലവട്ടം ഇയാൾ തന്നെ വിളിച്ചിരുന്നു. നേരിൽ കാണുകയും ചെയ്തു. ഇഡി ഓഫീസിൽ നടന്ന കാര്യങ്ങൾ എല്ലാം അയാൾ തന്നോട് പറഞ്ഞു. എല്ലാം നടക്കുന്നത് ഇഡി ഉദ്യോഗസ്‌ഥരുടെ അറിവോടെയാണ്. ഇയാളുമായുള്ള കൂടിക്കാഴ്ചകൾ റെക്കോഡ് ചെയ്തിട്ടുണ്ട്. ഇതെല്ലാം വിജിലൻസിന് കൈമാറി.
എട്ടു വര്‍ഷം മുമ്പുള്ള വിവരമാണ് ആവശ്യപ്പെട്ടതെന്നതിനാൽ ഇത് ലഭ്യമാക്കാൻ കാലതാമസമുണ്ടായിരുന്നു. തുടക്കം മുതൽ തന്നെ ഇഡി ഉദ്യോഗസ്ഥൻ സമ്മര്‍ദത്തിലാക്കി. രേഖകള്‍ നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം തനിക്കെതിരെ കേസെടുത്തെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്. തനിക്ക് നോട്ടീസും നൽകിയിരുന്നു. എല്ലാ തെളിവുകളും വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നും കൊല്ലത്തെ വ്യവസായി അനീഷ് ബാബു പറഞ്ഞു.
ALSO READ: കോഴിക്കോട് കായക്കൊടിയിലുണ്ടായത് ഭൂചലനം തന്നെയെന്ന് ജിയോളജി വകുപ്പ്
കേസിൽ നിന്ന് ഒഴിവാക്കാൻ കൊല്ലത്തെ കശുവണ്ടി വ്യവസായിയോട് വൻതുക കൈക്കൂലി ആവശ്യപ്പെട്ടുവെന്നതാണ് ഇഡി ഉദ്യോഗസ്ഥർക്ക് എതിരായ പരാതി. കേസിൽ ഒന്നാം പ്രതി ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറാണ്. സംഭവത്തിൽ നിലവിൽ ശേഖർകുമാറിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥനായതിനാൽ കരുതലോടെയാണ് വിജിലൻസ് നീക്കം. കേസിൽ അറസ്റ്റിലായ വിൽസൺ, മുകേഷ് കുമാർ, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് എന്നിവരെ ഇഡി കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യും.