Ernakulam-Bengaluru Vande Bharat : ഇനി ബെംഗളൂരു എത്താൻ 9 മണിക്കൂർ മതി; കേരളത്തിൻ്റെ മൂന്നാമത്തെ വന്ദേഭാരതിൻ്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു
Kochi-Bengaluru Vande Bharat Express Schedule And Stoppages : ഉച്ചയ്ക്ക് 2.20ന് എറണാകുളം സൗത്തിൽ നിന്നും ട്രെയിൻ പുറപ്പെടും. അടുത്ത ദിവസം പുലർച്ചെ 5.10നാണ് തിരികെ എറണാകുളത്തേക്ക് സർവീസ് നടത്തുക

Vande Bharat
കൊച്ചി : കേരളത്തിൻ്റെ മൂന്നാമത്തെ വന്ദേഭാരത് സർവീസായ എറണാകുളം സൗത്ത്- കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ ഷെഡ്യൂൾ റെയിൽവെ പ്രഖ്യാപിച്ചു. കേരളത്തിൽ തൃശൂരിലും പാലക്കാടും മാത്രം സ്റ്റോപ്പുള്ള ട്രെയിൻ ഒമ്പത് മണിക്കൂർ കൊണ്ട് ബെംഗളൂരുവിൽ എത്തി ചേരും. ട്രെയിൻ ബുധനാഴ്ച സർവീസ് നടത്തില്ല. എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സർവീസ് ഈ മാസം (നവംബർ) അവസാനത്തോടെ ആരംഭിക്കുമെന്ന റെയിൽവെ വൃത്തങ്ങൾ നൽകുന്ന സൂചന.
എറണാകുളം-ബെംഗളൂരു വന്ദേഭാരതിൻ്റെ സ്റ്റോപ്പും സമയക്രമവും
കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്ക്
- എറണാകുളം സൗത്ത് – ഉച്ച്യ്ക്ക് 2.20ന് പുറപ്പെടും
- തൃശൂർ – ഉച്ചയ്ക്ക് ശേഷം 3.17
- പാലക്കാട്- വൈകിട്ട് 4.35
- കോയമ്പത്തൂർ – വൈകിട്ട് 5.20
- തിരുപ്പൂർ – വൈകിട്ട് 6.03
- ഈറോഡ് – വൈകിട്ട് 6.45
- സേലം – രാത്രി 19.18
- ജോളാർപേട്ടൈ – രാത്രി 9.05
- കൃഷ്ണരാജപുരം – രാത്രി 10.23
- കെഎസ്ആർ ബെംഗളൂരു – രാത്രി 11 മണിക്ക് എത്തി ചേരും
ബെംഗളൂരുവിൽ നിന്നും തിരികെ കൊച്ചിയിലേക്ക്
- കെഎസ്ആർ ബെംഗളൂരു – പുലർച്ചെ 5.10ന് പുറപ്പെടും
- കൃഷ്ണരാജപുരം – പുലർച്ച് 5.23
- ജോളാർപേട്ടൈ – രാവിലെ ഏഴ് മണി
- സേലം – രാവിലെ 8.13
- ഇറോഡ്- രാവിലെ ഒമ്പത് മണി
- തിരുപ്പൂർ – രാവിലെ 9.45
- കോയമ്പത്തൂർ – രാവിലെ 10.33
- പാലക്കാട് – രാവിലെ 11.28
- തൃശൂർ – ഉച്ചയ്ക്ക് 12.28
- എറണാകുളം സൗത്ത് – ഉച്ചയ്ക്ക് 13.50ന് എത്തി ചേരും
ഒമ്പത് മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്നും ബെംഗളൂരു എത്തും
കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്ക് ദൂരം 600 കിലോമീറ്ററിൽ അധികമാണ്. ഈ ദൂരം ഒമ്പത് മണിക്കൂർ കൊണ്ട് വന്ദേഭാരത് ഓടി ലക്ഷ്യസ്ഥാനത്ത് എത്തി ചേരും. സാധാരണ ബസ് ബുക്ക് ചെയ്താൽ പത്ത് മുതൽ 11 മണിക്കൂർ കൊണ്ടാണ് കൊച്ചിയിൽ നിന്നും ബെംഗളൂരുവിലേക്കെത്തിച്ചേരുക. സാധാരണ ട്രെയിൻ സർവീസ് നടത്തുന്നതിൻ്റെ ശരാശരി സമയം 14 മണിക്കൂറാണ്.
കേരളത്തിൻ്റെ മൂന്നാമത്തെ വന്ദേഭാരത്
കേരളത്തിൽ നിലവിൽ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഒന്ന് തിരുവനന്തപുരത്ത് നിന്നും കോട്ടയം വഴി കാസർകോട്ടേക്കും രണ്ടാമത്തേത് തിരുവനന്തപുരത്ത് നിന്നും ആലപ്പുഴ വഴി മംഗലാപുരത്തേക്കുമാണ് സർവീസ് നടത്തുന്നത്. ക്രിസ്മസും ന്യൂ ഇയർ സീസണുമെത്തുന്നതോടെ ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാക്ലേശത്തിൻ്റെ വലിയ ആശ്വാസമാകും ഈ മൂന്നാമത്തെ വന്ദേഭാരത് സർവീസ്.