Dileep: ‘സിനിമാ പ്രമോഷനായി വിദേശത്തുപോകണം’; ദിലീപിന്‍റെ പാസ്പോര്‍ട്ട് വിട്ടു നല്‍കും
Dileep’s Passport Returned: കേസിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്‌പോർട്ട് വിട്ടുനൽകണമെന്ന ദിലീപിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

Dileep
കൊച്ചി: യുവ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ നടന്റെ പാസ്പോർട്ട് തിരിച്ചുനൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് തീരുമാനം. കേസിൽ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ചിരുന്ന പാസ്‌പോർട്ട് വിട്ടുനൽകണമെന്ന ദിലീപിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ദിലീപിന്റെ അഭിഭാഷകർ കോടതിൽ ഉന്നയിച്ചത്. കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകള്‍ അവസാനിച്ചുവെന്നും അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. അതേസമയം കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തന്നെ ദിലീപ് പാസ്‌പോര്‍ട്ട് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിവെച്ചതായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ പ്രതിപ്പട്ടികയിൽ നടൻ ദിലീപ് ഉൾപ്പെട്ടതോടെയാണ് ദിലീപിന്റെ പാസ്പോർട്ട് പിടിച്ചുവച്ചത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. അതേസമയം കേസില്‍ അപ്പീല്‍ പോകുന്നുണ്ടെന്നും അതിനാല്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനാല്‍ ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ച് പാസ്‌പോര്‍ട്ട് വിട്ടു നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.