ഇരട്ടക്കുട്ടികളേയും അമ്മയേയും വീട് പൂട്ടി പുറത്താക്കി അച്ഛന്‍; പൊലീസ് സ്റ്റേഷനില്‍ അഭയം തേടി
Cruelty Against Wife and Children: 29 വയസ്സുള്ള യുവതിയേയും അഞ്ച് വയസ്സുള്ള ഇരട്ടകുട്ടികളേയുമാണ് വീട്ടിൽ നിന്ന് പുറത്താക്കിയത്. അജിത് റോബിൻ എന്നയാളാണ് വീടുപൂട്ടി പോയത്. തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിലാണ് സംഭവം.

കേരള പോലീസ്
തിരുവനന്തപുരം: ഇരട്ടക്കുട്ടികളേയും അമ്മയേയും വീട് പൂട്ടി പുറത്താക്കി അച്ഛൻ. 29 വയസ്സുള്ള യുവതിയേയും അഞ്ച് വയസ്സുള്ള ഇരട്ടകുട്ടികളേയുമാണ് വീട്ടിൽ നിന്ന് പുറത്താക്കിയത്. അജിത് റോബിൻ എന്നയാളാണ് വീടുപൂട്ടി പോയത്. തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിലാണ് സംഭവം. കുട്ടികളിൽ ഒരാൾ വൃക്കരോഗ ബാധിതനാണ്.
കഴിഞ്ഞ ദിവസം ഉച്ച മുതലാണ് ഇവർ പുറത്ത് കഴിഞ്ഞത്. ഉച്ചമുതൽ ഭക്ഷണമോ മരുന്നോ കഴിച്ചില്ല. രാത്രിയോടെ മറ്റ് മാർഗം ഇല്ലാതെ വന്നതോടെ അമ്മയും മക്കളും വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
സംഭവം അറിഞ്ഞ് നാട്ടുക്കാർ ഇവർക്ക് ഭക്ഷണം വാങ്ങി നൽകിയിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് വിഴിഞ്ഞം പൊലീസ് ഇവരെ ഏറ്റെടുത്തത്. അതേസമയം സർക്കാർ ഉദ്യോഗസ്ഥനായ അജിത് റോബിനെതിരെ ഭാര്യ നീതു മുൻപ് പരാതി നല്‍കിയിരുന്നു. ഗാർഹിക പീഡനത്തിന് എതിരേയായിരുന്നു പരാതി. ഇത് സംബന്ധിച്ച് നെയ്യാറ്റിന്‍കര കോടതിയില്‍ നിന്ന് പ്രൊട്ടക്ഷന്‍ ഓർഡറും യുവതി വാങ്ങിയിരുന്നു.
ഭാര്യയും ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതാണ് വീട് പൂട്ടി പോകാൻ കാരണമായത്.ഒരു കാരണവശാലും വീട് തുറന്നുകൊടുക്കില്ലെന്ന് ഭർത്താവ് പറഞ്ഞതായി യുവതി പറയുന്നു. സംഭവത്തിൽ പോലീസ് ഭർത്താവ് അജിത് റോബിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മോബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അജിത് റോബിന് എതിരേ പോലീസ് കേസ് എടുത്തേക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.