Mullaperiyar Dam Open: മൂവായിരത്തിലധികം പേരെ മാറ്റിപാർപ്പിക്കുന്നു; മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും, ജാഗ്രത
Idukki Mullaperiyar Dam Shutter Open: കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലെ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ മാറ്റി താമസിപ്പിക്കാനാണ് നീക്കം. വെള്ളിയാഴ്ച നാലുമണിവരെ ഡാമിലെ ജലനിരപ്പ് 135.25 അടി എത്തിയിരുന്നു.മഴ തുടർന്നാൽ ഇനിയും ഉയരും.
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറന്നേക്കുമെന്ന് റിപ്പോർട്ട് (Mullaperiyar Dam Open). ഡാമിലെ റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുകയാണെങ്കിൽ ഡാം തുറക്കുമെന്ന് ജില്ലാ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പെരിയാറിൻറെ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. പ്രദേശത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ മാറുന്ന ജനങ്ങൾക്കായി ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിലെ നിന്ന് 883 കുടുംബങ്ങളിലെ 3,220 പേരെ മാറ്റി താമസിപ്പിക്കാനാണ് നീക്കം. വെള്ളിയാഴ്ച രാത്രി എട്ട് മണിക്ക് മുൻപ് ഇവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ, പോലീസ് അധികാരികൾക്ക് നിർദേശം നൽകിയിരുന്നു. പകൽ സമയത്ത് മാത്രമേ ഷട്ടറുകൾ തുറക്കാവൂവെന്ന് തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. വെള്ളിയാഴ്ച നാലുമണിവരെ ഡാമിലെ ജലനിരപ്പ് 135.25 അടി എത്തിയിരുന്നു.മഴ തുടർന്നാൽ ജലനിരപ്പ് ഇനിയും ഉയരും.
അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മഴ മുന്നറിയിപ്പിനെ തുടർന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.
കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം (5-15mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ മറ്റു ജില്ലകളിലെല്ലാം ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം മലയോര മേഖലകളിൽ മഴ ശക്തമാകാനുളള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.