Jose K Mani: ആദ്യം അവ്യക്തമായൊരു ഫേസ്ബുക്ക് പോസ്റ്റ്; പിന്നാലെ ഇടതുമുന്നണിക്കൊപ്പമെന്ന് തിരുത്തി ജോസ് കെ മാണി
Jose K Mani edits facebook post: ജോസ് കെ മാണി ആദ്യം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് അവ്യക്തതകള്‍ നിറഞ്ഞതായിരുന്നു. കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിക്കൊപ്പമെന്ന നിലപാട് അതില്‍ ഇല്ലായിരുന്നു. പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്തു.
കോട്ടയം: കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിക്കൊപ്പമാണെന്ന രാഷ്ട്രീയ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് ജോസ് കെ മാണി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഒഴിവാക്കാനാകാത്ത ചില സ്വകാര്യ ആവശ്യങ്ങള്‍ മൂലം നിലവില്‍ കേരളത്തിന് പുറത്താണെന്നും, അതുകൊണ്ടാണ് തിരുവനന്തപുരത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച സമരപരിപാടിയില്‍ പങ്കെടുക്കാത്തതെന്നും ജോസ് കെ മാണി പറഞ്ഞു.
സമരപരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ഇടതു മുന്നണി നേതാക്കളെ മുന്‍കൂറായി അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മിന്റെ എല്ലാ എംഎല്‍എമാരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ നിലപാടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ജോസ് കെ മാണി വിശദീകരിച്ചു.
ആരെങ്കിലും നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ ബോധപൂര്‍വം കേരള കോണ്‍ഗ്രസ് എമ്മിനെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണെന്നും, പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പില്‍ അവ്യക്തത, ഒടുവില്‍ എഡിറ്റ്
ജോസ് കെ മാണി ആദ്യം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് അവ്യക്തതകള്‍ നിറഞ്ഞതായിരുന്നു. കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണിക്കൊപ്പമെന്ന നിലപാട് അതില്‍ ഇല്ലായിരുന്നു. ‘കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്’ എന്ന് മാത്രമായിരുന്നു ജോസ് കെ മാണി ആദ്യം പങ്കുവച്ച കുറിപ്പിലുണ്ടായിരുന്നത്.
ഇതു ചൂണ്ടിക്കാട്ടി നിരവധി കമന്റുകളും വന്നു. വ്യക്തത വരുത്തിയുള്ള മറുപടി ആയിരുന്നു വേണ്ടിയിരുന്നതെന്നായിരുന്നു ഒരു കമന്റ്. ‘എന്തുവന്നാലും നിങ്ങൾ എല്‍ഡിഎഫില്‍ ഒറ്റക്കെട്ടായി നിൽക്കും എന്നൊരു വരി പോസ്റ്റിൽ ഇല്ല’ എന്നായിരുന്നു മറ്റൊരു കമന്റ്. ഇത്തരത്തില്‍ നിരവധി കമന്റുകളാണ് ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്നത്.
ഇതിന് പിന്നാലെയാണ് ജോസ് കെ മാണി ഫേസ്ബുക്ക് പോസ്റ്റ് തിരുത്തിയത്. ‘കേരള കോൺഗ്രസ് എം പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പം എന്ന്പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്’ എന്ന് അദ്ദേഹം ഫേസ്ബുക്കി പോസ്റ്റില്‍ എഡിറ്റ് ചെയ്യുകയായിരുന്നു. പോസ്റ്റിലെ എഡിറ്റ് ഹിസ്റ്ററിയില്‍ ഇത് വ്യക്തമാണ്.