Kasaragod Kidnapping: മൂന്ന് ദിവസം നിരീക്ഷണം, കറുത്ത കാറിലെത്തി സിനിമാ സ്റ്റൈൽ തട്ടികൊണ്ടുപോകൽ; ഒടുവിൽ പിടികൂടി
Kasaragod Youth Kidnapped: ബുധനാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏറേ തിരക്കേറിയ ദേശീയപാതയോരത്തുവച്ചാണ് ഈ നാടകീയ സംഭവങ്ങൾ നടക്കുന്നത്.

പ്രതീകാത്മക ചിത്രം
കാസർകോട്: കറുത്ത സ്കോർപ്പിയോ കാറിലെത്തിയ അഞ്ചംഗസംഘം പട്ടാപകൽ യുവാവിനെ തട്ടികൊണ്ടുപോയി (Kasaragod youth Kidnapped). കാസർകോട് കറന്തക്കാട്ടെ ഹോട്ടലിന്റെ മുന്നിൽ നിൽക്കുകയായിരുന്ന മേൽപ്പറമ്പ് സ്വദേശി ഹനീഫയെയാണ് തട്ടിക്കൊണ്ടുപോയത്. ദേശീയപാതയിൽ ആൾക്കൂട്ടത്തിനിടയിൽ നിന്നാണ് യുവാവിനെ സിനിമാ സ്റ്റൈലിൽ തട്ടികൊണ്ടുപോയത്. എന്നാൽ ഒടുവിൽ സംഘത്തെ സകലേശ്പുരിനടുത്ത് വച്ച് കർണാടക പോലീസിന്റെ സഹായത്തോടെ പിടികൂടുകയും ചെയ്തു.
രാത്രിയോടെ കാസർകോട് പോലീസിന് പ്രതികളെയും യുവാവിനെയും കൈമാറി. ബുധനാഴ്ച ഉച്ചയ്ക്കാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറുന്നത്. സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏറേ തിരക്കേറിയ ദേശീയപാതയോരത്തുവച്ചാണ് ഈ നാടകീയ സംഭവങ്ങൾ നടക്കുന്നത്. നൂറ്റമ്പത് കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് സംഘം കർണാടക പോലീസിന്റെ പിടിയിലാവുന്നത്.
Also Read: കോഴിക്കോട് യുവാവ് കാറിനുള്ളിൽ മരിച്ച നിലയിൽ
തട്ടികൊണ്ടുപോകലിന് പിന്നിൽ വൻ ഗൂഢാലോചയുണ്ടെന്നാണ് വിവരം. മൂന്ന് ദിവസത്തിലേറെയായി സംഘം ഇയാളെ നിരീക്ഷിച്ചു വരുകയായിരുന്നു. ബേക്കൽ സ്വദേശിയായ ശരീഫ് എന്നയാളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നുമാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമെ കുറ്റകൃത്യത്തിന് പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് വ്യക്തമാവുകയുള്ളുവെന്നും ഇൻസ്‌പെക്ടർ പി നളിനാക്ഷൻ അറിയിച്ചു.
ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ് യുവാവിനെ തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയതെന്നാണ് വിവരം. സംഭവത്തിൽ കാസർകോട് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ടൗൺ എസ്ഐ സജിമോൻ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കാസർകോട്ടെത്തിച്ചത്. പോലീസ് സംഘത്തിൻ്റെ സമയോജിതമായ ഇടപെലിലൂടെയാണ് പ്രതികളെ പിടികൂടി യുവാവിനെ രക്ഷപ്പെടുത്തിയത്.