Kenya Bus Accident: കെനിയയിലെ വാഹനാപകടം: 5 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിലെത്തിക്കും
Kenya Bus Accident: ഇന്ന് രാവിലെ 8.45ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന വ്യവസായിക മന്ത്രി പി.രാജീവ് ഏറ്റുവാങ്ങുമെന്നാണ് വിവരം.

അപകടത്തിൽപ്പെട്ട് മരിച്ചവർ
കൊച്ചി: വിനോദയാത്രയ്ക്കിടെ കെനിയയിലെ നെഹ്‌റൂറുവിലുണ്ടായ ബസ് അപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് കൊച്ചിയിൽ എത്തിക്കും. ഇന്ന് രാവിലെ 8.45ന് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന വ്യവസായിക മന്ത്രി പി.രാജീവ് ഏറ്റുവാങ്ങുമെന്നാണ് വിവരം. നോർക്ക റൂട്ട്സിന്റെ ആംബുലൻസുകളിൽ മൃതദേഹം അഞ്ചുപേരുടെയും വീടുകളിൽ എത്തിക്കും.
അപകടത്തിൽ മരിച്ച മാവേലിക്കര ചെറുകോൽ സ്വദേശി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ സ്വദേശിനി റിയ ആൻ (41), മകൾ ടൈറ (8), തൃശൂർ ഗുരുവായൂർ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്റിൻ (ഒന്നര വയസ്സ്) എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയിലെത്തുന്നത്. നെയ്റോബിയിൽ നിന്ന് ദോഹ വഴിയാണ് വിമാനം കൊച്ചിയിലേക്ക് എത്തുക. നെയ്‌റോബിയില്‍ നിന്ന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സിന്‌റെ ക്യൂആര്‍ 1336 വിമാനം ഇന്നലെ പ്രാദേശിക സമയം 11.20ന് ദോഹയിലെത്തി. ഇവിടെ നിന്ന് ഇന്ന് പുലര്‍ച്ചെ 1.45ന് ക്യൂആര്‍ 0514 വിമാനം വഴിയാണ് കൊച്ചിയിൽ എത്തുക.
Also Read:സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ; 5 ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത
ഗീതയുടെ ഭർത്താവ് ഷോജി ഐസക്, മകൻ അബേൽ ഉമ്മൻ ഐസക്, ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭർത്താവ് ജോയൽ കോൺവേ, മകൻ ട്രാവിസ് നോയൽ എന്നിവരും വിമാനത്തിലുണ്ട് . ഇവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. തുടർന്ന് നെയ്റോബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില തൃപ്തികരമായതിനെ തുടർന്നാണ് മൃതദേഹങ്ങളുമായി ഇവർ നാട്ടിലേക്ക് എത്തുന്നത്.
ജൂൺ ആറിനാണ് ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്കായി കെനിയയിൽ ഇവർ എത്തിയത്. തുടർന്ന് ജൂൺ ഒൻപതിന് ഇന്ത്യന്‍ സമയം വൈകിട്ട് എഴു മണിയോടെ 28 പേർ സഞ്ചരിച്ചിരുന്ന സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെടുകയായിരുന്നു. ബസിന്റെ ബ്രേക്കും ഗിയറും തകരാറിലായതാണ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടാകാൻ കാരണമായത്.