Kerala Budget 2026: പറവൂരുകാര്‍ക്കിത് രണ്ടാം ബജറ്റ്; 54 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു, കെ ടി കഴിഞ്ഞാല്‍ പിന്നെ വി ഡി
Kerala Budget 2026 What Makes VD Satheesan’s Budget Presentation Special for Paravur: മുഖ്യമന്ത്രി-ധനമന്ത്രി എന്നീ പദവികളില്‍ ഇരുന്ന് സേവനമനുഷ്ഠിച്ച ഭരണാധികാരികള്‍ കേരളത്തെ സംബന്ധിച്ച് വളരെ കുറവാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന ആര്‍ ശങ്കറും ഉമ്മന്‍ചാണ്ടിയുമാണ് മുഖ്യമന്ത്രി പദവിയിലിരുന്ന് ബജറ്റ് അവതരിപ്പിച്ച മറ്റ് കോണ്‍ഗ്രസുകാര്‍.

വിഡി സതീശന്‍
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പത്ത് വര്‍ഷം നീണ്ട കാത്തിരിപ്പുകളെല്ലാം അവസാനിപ്പിച്ച് അധികാരത്തിലെത്തിയ യുഡിഎഫിനെ സംബന്ധിച്ച് ഈ ബജറ്റ് പ്രഖ്യാപനവും വളരെ പ്രധാനപ്പെട്ടതാണ്. തങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞ പല പദ്ധതികളും, കേരളത്തിന്റെ ഭാവിയ്ക്ക് മുതല്‍ക്കൂട്ടാകുന്ന പല നീക്കങ്ങളും പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെക്കാന്‍ ഈ ബജറ്റ് വഴി അവര്‍ക്ക് സാധിക്കും. ഒരുപാട് കാര്യങ്ങള്‍ നാടിനും നാട്ടുകാര്‍ക്കുമായി ചെയ്യാനുണ്ടെന്ന് പറഞ്ഞ് അധികാരത്തിലേറിയവരുടെ ബജറ്റില്‍ പൊതുജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷയും വളരെ വലുതാണ്.
മുഖ്യമന്ത്രി-ധനമന്ത്രി എന്നീ പദവികളില്‍ ഇരുന്ന് സേവനമനുഷ്ഠിച്ച ഭരണാധികാരികള്‍ കേരളത്തെ സംബന്ധിച്ച് വളരെ കുറവാണ്. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്ന ആര്‍ ശങ്കറും ഉമ്മന്‍ചാണ്ടിയുമാണ് മുഖ്യമന്ത്രി പദവിയിലിരുന്ന് ബജറ്റ് അവതരിപ്പിച്ച മറ്റ് കോണ്‍ഗ്രസുകാര്‍. ആ പട്ടികയിലേക്ക് ഒടുക്കം പേരുചേര്‍ക്കപ്പെട്ട വ്യക്തിയാണ് വിഡി സതീശന്‍. അദ്ദേഹം ചോദിച്ച് വാങ്ങിയ വകുപ്പ് കൂടിയാണ് ധനവകുപ്പ് എന്നതും ശ്രദ്ധേയമാണ്. സുരക്ഷ, തൊഴില്‍, പെന്‍ഷന്‍ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്താന്‍ സാധ്യതയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും ബജറ്റിന്മേല്‍ വലിയ പ്രതീക്ഷയുണ്ടെങ്കിലും, അതിനും എത്രയോ മടങ്ങ് പ്രതീക്ഷയിലാണ് പറവൂരുകാര്‍. കാരണം, തങ്ങളുടെ നാട്ടുകാരന്‍ മുഖ്യമന്ത്രിയായും ധനമന്ത്രിയായും പ്രവര്‍ത്തിക്കുമ്പോള്‍ വരുന്ന ബജറ്റ് തന്നെയാണ് അതിന് കാരണം. ഇതുമാത്രമല്ല, പറവൂരിന്റെ മണ്ണില്‍ നിന്നും പോയി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമന്‍ കൂടിയാണ് വിഡി സതീശന്‍.
പറവൂരിലെ രണ്ടാമന്‍
പറവൂരിന്റെ മണ്ണില്‍ നിന്നും കേരള രാഷ്ട്രീയ ചരിത്രത്തിലേക്ക് എഴുതിച്ചേര്‍ക്കാന്‍ പോകുന്നത് പുത്തന്‍ അധ്യായമാണ്. രണ്ടാം അച്യുതമേനോന്‍ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ ടി ജോര്‍ജ് ആണ് വിഡി സതീശന് മുന്നെ നിയമസഭയിലെത്തി ബജറ്റ് അവതരിപ്പിച്ച അംഗം. 1972ല്‍ നടന്ന ഈ ബജറ്റ് അവതരണത്തിന് ശേഷം പറവൂരില്‍ നിന്നും ആര്‍ക്കും തന്നെ അത്തരമൊരു സുവര്‍ണാവസരം ലഭിച്ചില്ല.
എന്നാലിതാ വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്, കൃത്യമായി പറഞ്ഞാല്‍ 54 വര്‍ഷങ്ങള്‍ക്ക് ശേഷം പറവൂര്‍ സ്വദേശിയായ ഒരാള്‍ നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുകയാണ്. 1972 ഫെബ്രുവരി 25നായിരുന്നു കെടി ജോര്‍ജിന്റെ ബജറ്റ് അവതരണം. 1965, 1967, 1971 എന്നീ കാലഘട്ടങ്ങളില്‍ പറവൂരില്‍ നിന്ന് മത്സരിച്ച് നിയമസഭയിലെത്തിയ അദ്ദേഹം നാലം കേരള നിയമസഭയിലെ കോണ്‍ഗ്രസ് കക്ഷി ഉപനേതാവ് എന്ന പദം കൂടി കെടി ജോര്‍ജ് അലങ്കരിച്ചിരുന്നു.
കേരള നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്നൊരു നേട്ടം കൂടിയാണ് വിഡി സതീശന്‍ സ്വന്തമാക്കാന്‍ പോകുന്നത്. ആര്‍ ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം അതിന് അവസരം ലഭിച്ചത് വിഡി സതീശന് മാത്രം. മാത്രമല്ല, 69 വര്‍ഷങ്ങള്‍ക്ക് ശേഷം, അതായത്, 1957 ജൂണ്‍ ഏഴിന് സി അച്യുതമേനോന്‍ കേരളത്തിന്റെ ബജറ്റ് അവതരിപ്പിച്ച അതേ മാസത്തില്‍ തന്നെയാണ് വിഡി സതീശന്റെ കന്നി ബജറ്റ് വരുന്നത്. കേരളത്തിന്റെ 79ാം ബജറ്റ് കൂടിയാണ് വിഡി സതീശന്‍ അവതരിപ്പിക്കാന്‍ പോകുന്നത്.
English Summary
Kerala Budget 2026, to be presented by VD Satheesan on June 19, marks a notable milestone as he becomes the second person from Paravur to present a state budget in the Kerala Legislative Assembly. The event adds historical significance to this year’s budget presentation.