Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
തിരക്ക് പരിഗണിച്ച് ഭാഗ്യക്കുറി വകുപ്പ് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി അധികമായി വിപണിയിലെത്തിച്ചു. ഇതോടെ ആകെ അച്ചടിച്ച ടിക്കറ്റുകളുടെ എണ്ണം 55 ലക്ഷമായി ഉയർന്നു.

Kerala Bumper Lottery
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റുകൾക്ക് വിപണിയിൽ റെക്കോഡ് വില്പന. നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് ഇതുവരെ വിറ്റഴിഞ്ഞത് 51.66 ലക്ഷത്തിലധികം ടിക്കറ്റുകളാണ്. കഴിഞ്ഞ വർഷത്തെ ആകെ വില്പനയായ 47,65,650-നെ മറികടന്നുകൊണ്ടാണ് ഇത്തവണത്തെ ഈ കുതിപ്പ്.
തിരക്ക് പരിഗണിച്ച് ഭാഗ്യക്കുറി വകുപ്പ് അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി അധികമായി വിപണിയിലെത്തിച്ചു. ഇതോടെ ആകെ അച്ചടിച്ച ടിക്കറ്റുകളുടെ എണ്ണം 55 ലക്ഷമായി ഉയർന്നു. ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ പാലക്കാട് ജില്ലയാണ് വില്പനയിൽ ബഹുദൂരം മുന്നിൽ.
- പാലക്കാട്: 12,20,520 ടിക്കറ്റുകൾ
- തൃശ്ശൂർ: 5,44,340 ടിക്കറ്റുകൾ
- തിരുവനന്തപുരം: 5,15,090 ടിക്കറ്റുകൾ
- കൊല്ലം: 3,34,910 ടിക്കറ്റുകൾ (എറണാകുളത്തെ അട്ടിമറിച്ച് നാലാം സ്ഥാനത്ത്)
- കണ്ണൂർ: 3,11,780 ടിക്കറ്റുകൾ
സമ്മാനപ്പെരുമഴ
20 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഇത് കൂടാതെ മറ്റ് ആകർഷകമായ സമ്മാനങ്ങളും ഇത്തവണത്തെ ബമ്പറിന്റെ പ്രത്യേകതയാണ്.
- രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്.
- മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്.
- സമാശ്വാസ സമ്മാനം: 1 ലക്ഷം രൂപ വീതം 9 പേർക്ക്.
കൂടാതെ 5000, 2000, 1000, 500, 400 രൂപയുടെ നിരവധിയായ സമ്മാനങ്ങളുൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങളാണ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. 400 രൂപ വിലയുള്ള ടിക്കറ്റുകൾ XA മുതൽ XL വരെയുള്ള പത്ത് സീരീസുകളിലായാണ് പുറത്തിറക്കിയിരിക്കുന്നത്. 2026 ജനുവരി 24 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് ഭാഗ്യശാലിയെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുക.