Kerala Covid Cases: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 430: ഒരാഴ്ചയ്ക്കിടെ രണ്ട് മരണവും
Kerala Covid Cases Latest Update: നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലാണ് കോവിഡ് ബാധിതരേറെയും.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ (Covid Cases) എണ്ണം 430-ൽ എത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ച മാത്രം കേരളത്തിൽ 335 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ രണ്ട് കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലാണ് കോവിഡ് ബാധിതരേറെയും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് കഴിഞ്ഞയാഴ്ച കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. മറ്റ് സംസ്ഥാനങ്ങളായ മഹാരാഷ്ട്ര (209), ഡൽഹി (104), ഗുജറാത്ത് (83), തമിഴ്നാട് (69), കർണാടക (47) എന്നിവിടങ്ങളിലും കോവിഡ് കേസുകൾ ദിവസേന പടരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തി നിനവിൽ കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നിരിക്കുകയാണ്.
ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലകളിൽ ഏതെങ്കിലും മേഖലകളിൽ രോഗപ്പകർച്ചയുണ്ടോയെന്ന് സൂക്ഷമമായി നിരീക്ഷിച്ച് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കാനാണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുള്ളത്.
ഇപ്പോൾ പടർന്നുകൊണ്ടിരിക്കുന്ന വൈറസിന് വകഭേദം സംഭവിച്ചിട്ടുണ്ടോ എന്നതടക്കം അറിയാനുള്ള സാംപിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്‌സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. നേരിയ ലക്ഷണങ്ങൾ മാത്രമാണ് പുതിയ കോവിഡിനുള്ളത്. പ്രായമായവരും 18 വയസ്സിന് താഴെയുള്ളവരും ഗർഭിണികളും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.
ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഡോക്ടറെ സമീപിക്കണമെന്നും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. പൊതുഇടങ്ങളിൽ ജനങ്ങൾ മാസ്ക് നിർബന്ധമാക്കണമെന്നും നിർദ്ദേശമുണ്ട്. ആരോഗ്യപ്രവർത്തകർ മാസ്‌ക് നിർബന്ധമായും ധരിക്കണം. അനാവശ്യമായി ആശുപത്രിയിൽ സന്ദർശനം നടത്തരുത്. കൈകൾ സാനിറ്റൈസ് ചെയ്യുകയോ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുകയോ വേണം.