Kerala police chief: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നംഗ ചുരുക്കപ്പട്ടികയായി

UPSC Shortlists Three Senior IPS Officers: നിലവിൽ ഫയർഫോഴ്‌സ് മേധാവിയായ യോഗേഷ് ഗുപ്തയോട് സർക്കാരിന് താൽപര്യമില്ല. വിജിലൻസ് ഡയറക്ടറായിരിക്കെ സിപിഎം നേതാവ് പി.പി. ദിവ്യക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകിയതും, മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരായ വിജിലൻസ് കേസ് ഫയലുകൾ സിബിഐക്ക് കൈമാറിയതുമാണ് സർക്കാരിന്റെ അപ്രീതിക്ക് കാരണമായത്.

Kerala police chief: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നംഗ ചുരുക്കപ്പട്ടികയായി

Kerala Police

Published: 

26 Jun 2025 17:19 PM

ന്യൂഡൽഹി: കേരളത്തിൻ്റെ അടുത്ത പോലീസ് മേധാവി സ്ഥാനത്തേക്കുള്ള ചുരുക്കപ്പട്ടിക യുപിഎസ്‌സി തയ്യാറാക്കി. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ജൂൺ 30-ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെ നിയമിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഉദ്യോഗസ്ഥരായ നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ്‌സി അംഗീകരിച്ച അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. ഈ മൂന്നംഗ പട്ടിക സംസ്ഥാന സർക്കാരിന് കൈമാറും. ഇതിൽ നിന്ന് ഒരാളെ സർക്കാരിന് അടുത്ത പോലീസ് മേധാവിയായി നിയമിക്കാം.

 

സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി യുപിഎസ്‌സി

 

എഡിജിപി എം.ആർ. അജിത് കുമാറിനെ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം യുപിഎസ്‌സി തള്ളി. ഡിജിപി റാങ്കിൽ കുറഞ്ഞവരെ പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനാവില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, മുമ്പ് എഡിജിപിയായിരുന്ന അനിൽകാന്തിനെ പോലീസ് മേധാവിയാക്കിയ കാര്യം സംസ്ഥാന സർക്കാർ കത്തിൽ ചൂണ്ടിക്കാട്ടിയെങ്കിലും കേന്ദ്രം അത് മുഖവിലയ്‌ക്കെടുത്തില്ല.

പട്ടികയിൽ നാലാമതുള്ള മനോജ് എബ്രഹാമിനെ പരിഗണിക്കാവുന്നതാണെന്ന് കേരളത്തിൽ നിന്ന് യുപിഎസ്‌സി യോഗത്തിൽ പങ്കെടുത്ത ചീഫ് സെക്രട്ടറിയും, നിലവിലെ പോലീസ് മേധാവിയും നിർദേശം വെച്ചതായും റിപ്പോർട്ടുകളുണ്ട്. മനോജ് എബ്രഹാം ഏറെക്കാലം ക്രമസമാധാന ചുമതല വഹിച്ചിരുന്നു എന്നതായിരുന്നു ഇവർ ചൂണ്ടിക്കാട്ടിയ കാരണം. എന്നാൽ യുപിഎസ്‌സി യോഗം മനോജ് എബ്രഹാമിനെയും പരിഗണിച്ചില്ല.

 

യോഗേഷ് ഗുപ്ത

 

ആറംഗ പട്ടികയിലെ ആദ്യ മൂന്ന് സീനിയർ ഉദ്യോഗസ്ഥരും പോലീസ് മേധാവിയാകാൻ യോഗ്യരാണെന്ന് യുപിഎസ്‌സി യോഗം വിലയിരുത്തി. നിതിൻ അഗർവാളും രവാഡ ചന്ദ്രശേഖറും കുറേക്കാലം കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്നു എന്നത് പോലീസ് മേധാവിയാകാൻ തടസ്സമല്ലെന്നും യോഗം വിലയിരുത്തി.

നിലവിൽ ഫയർഫോഴ്‌സ് മേധാവിയായ യോഗേഷ് ഗുപ്തയോട് സർക്കാരിന് താൽപര്യമില്ല. വിജിലൻസ് ഡയറക്ടറായിരിക്കെ സിപിഎം നേതാവ് പി.പി. ദിവ്യക്കെതിരെ അന്വേഷണത്തിന് നിർദേശം നൽകിയതും, മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരായ വിജിലൻസ് കേസ് ഫയലുകൾ സിബിഐക്ക് കൈമാറിയതുമാണ് സർക്കാരിന്റെ അപ്രീതിക്ക് കാരണമായത്. ഇതേത്തുടർന്നാണ് യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്താണ് യോഗേഷ് ഗുപ്ത കൂടുതലും ഇരുന്നിട്ടുള്ളതെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

Also Read:ജോജുവിന് ശമ്പളം കൊടുത്തു; അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല: തെളിവ് പുറത്തുവിട്ട് ലിജോ ജോസ് പെല്ലിശ്ശേരി

ചുരുക്കപ്പട്ടികയിലെ ഉദ്യോഗസ്ഥർ

 

നിതിൻ അഗർവാൾ: നിലവിൽ ഗതാഗത കമ്മീഷണറാണ് പട്ടികയിലെ ആദ്യ പേരുകാരനായ നിതിൻ അഗർവാൾ. ഡൽഹി സ്വദേശിയായ ഇദ്ദേഹം 1989 ബാച്ച് ഐപിഎസ് ഓഫീസറാണ്. ബിഎസ്എഫ് മേധാവിയായിരുന്ന നിതിൻ അഗർവാൾ അടുത്തകാലത്താണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്.

രവാഡ ചന്ദ്രശേഖർ: 1991 ബാച്ച് ഐപിഎസ് ഓഫീസറാണ് രണ്ടാമത്തെ പേരുകാരനായ രവാഡ ചന്ദ്രശേഖർ. നിലവിൽ ഐബിയിൽ സ്പെഷ്യൽ ഡയറക്ടറാണ് ഇദ്ദേഹം.

യോഗേഷ് ഗുപ്ത: യുപിഎസ്‌സി അംഗീകരിച്ച ചുരുക്കപ്പട്ടികയിൽ മൂന്നാമതുള്ള യോഗേഷ് ഗുപ്ത 1993 ബാച്ച് ഐപിഎസ് ഓഫീസറാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും