Kerala Weather alert: ഉരുകി ഉരുകി എരിഞ്ഞ് കേരളം, വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
Kerala Heatwave Alert: ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളൊഴികെ മിക്കയിടങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു.
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ചൂട് കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഉയർന്ന താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിലെ ഒട്ടുമിക്ക എല്ലാ ജില്ലകളിലും താപനില ഉയരും.
- പാലക്കാട്: 40°C വരെ
- കൊല്ലം: 39°C വരെ
- കോട്ടയം: 38°C വരെ
- ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്: 37°C വരെ
- തിരുവനന്തപുരം: 36°C വരെ
ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളൊഴികെ മിക്കയിടങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു.
Read more – പെയ്യാന്‍ വെമ്പുന്ന മഴയെ പിന്നോട്ടുവലിച്ച് ‘ആന്റി സൈക്ലോണ്‍’; കേരളം തണുക്കാന്‍ എത്രനാള്‍ കാത്തിരിക്കണം?
നിർദേശങ്ങൾ
- പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
- ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം.
- അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
- പരീക്ഷാക്കാലമായതിനാൽ സ്കൂളുകളിൽ കുടിവെള്ളവും വായുസഞ്ചാരവും ഉറപ്പാക്കണം. 11 am മുതൽ 3 pm വരെ കുട്ടികളെ വെയിൽ ഏൽക്കുന്ന പരിപാടികളിൽ പങ്കെടുപ്പിക്കരുത്.
- കിടപ്പുരോഗികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.
- നിർമ്മാണ തൊഴിലാളികൾ, കർഷകർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കുകയും വിശ്രമം ഉറപ്പാക്കുകയും വേണം.
- മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ, വനമേഖലകൾ എന്നിവിടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലായതിനാൽ പ്രത്യേക ജാഗ്രത പാലിക്കണം.
- കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടരുതെന്നും വളർത്തുമൃഗങ്ങളെ വാഹനങ്ങളിൽ പൂട്ടിയിട്ടു പോകരുതെന്നും നിർദേശമുണ്ട്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.