Kerala Local Body Election 2025: നോട്ടയും വിവിപാറ്റും ഇല്ല, പോളിങ് നാളെ രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെ
Kerala Local Body Elections 2025 First Phase Polling Tomorrow: ഒന്നിലധികം വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒന്നിലധികം വോട്ട് ചെയ്യുന്നതും, വോട്ട് ചെയ്യാത്തവരുടെയോ മരണപ്പെട്ടവരുടെയോ വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നതും കുറ്റകരമാണ്.

Kerala Local Body Elections 2025
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പോളിംഗ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലെ 11,168 വാർഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടവകാശം സുതാര്യമായി വിനിയോഗിക്കുന്നതിനായി സമ്മതിദായകർ തിരിച്ചറിയൽ രേഖകൾ നിർബന്ധമായും കൈയിൽ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
തിരിച്ചറിയൽ രേഖയായി പരിഗണിക്കുന്നവ
- കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ്.
- സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ സ്ലിപ്പ്.
- പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്.
- ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്/ബുക്ക്.
ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും ആറു മാസക്കാലയളവിനുള്ളിൽ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്.
വോട്ടിങ് നടപടിക്രമങ്ങൾ
പോളിംഗ് ബൂത്തിൽ പ്രവേശിക്കുമ്പോൾ പോളിംഗ് ഉദ്യോഗസ്ഥൻ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ വിവരങ്ങളും പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ ഓഫീസറുടെ അടുത്ത് കൈവിരലിൽ മഷി പുരട്ടി വോട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തണം.
വോട്ടിങ് സ്ലിപ്പുമായി കൺട്രോൾ യൂണിറ്റിന്റെ ചുമതലയുള്ള ഓഫീസറുടെ അടുത്തെത്തി സ്ലിപ്പ് ഏൽപ്പിക്കുക. ഉദ്യോഗസ്ഥൻ കൺട്രോൾ യൂണിറ്റിൽ ബട്ടൺ അമർത്തി ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കും. വോട്ടിങ് കമ്പാർട്ട്‌മെന്റിൽ പ്രവേശിച്ച്, സ്ഥാനാർത്ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണിൽ വിരൽ അമർത്തുക. ദീർഘമായ ബീപ് ശബ്ദം കേൾക്കുമ്പോൾ വോട്ട് രേഖപ്പെടുത്തൽ പൂർണ്ണമാകും. ഈ തിരഞ്ഞെടുപ്പിൽ നോട്ട ഓപ്ഷനോ വിവിപാറ്റ് മെഷീനോ ഉപയോഗിക്കുന്നില്ല.
നിയമനടപടി കർശനമാക്കും
ഒന്നിലധികം വോട്ടർപട്ടികയിൽ പേരുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒന്നിലധികം വോട്ട് ചെയ്യുന്നതും, വോട്ട് ചെയ്യാത്തവരുടെയോ മരണപ്പെട്ടവരുടെയോ വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നതും കുറ്റകരമാണ്. അത്തരം കുറ്റക്കാർക്കെതിരെ ഭാരതീയ ന്യായസംഹിതയിലെ 174-ാം വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയ്ക്കും പിഴയ്ക്കും സാധ്യതയുണ്ടെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകി. വൈകുന്നേരം 6 മണിക്ക് ശേഷവും ക്യൂവിൽ നിൽക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാനുള്ള അവസരം നൽകും.