Kerala Rain Alert: വരും ദിവസങ്ങളിൽ മഴ കുറയും; മുന്നറിയിപ്പിൽ മാറ്റം, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alert August 8 2025: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കുറയും. ഞായറാഴ്ച വരെ ഒരു ജില്ലകൾക്കും പ്രത്യേക മഴ മുന്നറിയിപ്പില്ല. മിതമോ നേരിയതോ ആയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഓഗസ്റ്റ് 8) മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കുറയും. ഞായറാഴ്ച വരെ ഒരു ജില്ലകൾക്കും പ്രത്യേക മഴ മുന്നറിയിപ്പില്ല. മിതമോ നേരിയതോ ആയ മഴയ്ക്കുള്ള സാധ്യത മാത്രമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയും, തീരങ്ങളിൽ ഇന്ന് (08/08/2025) രാത്രി 8.30 വരെ 1.2 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ മൂലം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കന്യാകുമാരി (നീരോടി മുതൽ ആരോഗ്യപുരം വരെ) തീരത്ത് രാത്രി 8.30 വരെ 1.3 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ALSO READ: ജില്ലയിലുമുണ്ട് മാജിക്! എവിടെ നിന്ന് ടിക്കറ്റെടുത്താലാണ് അടിക്കാൻ കൂടുതൽ സാധ്യത
ഇന്ന് മുതല്‍ ഓഗസ്റ്റ് 11 വരെ തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്.