Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദ്ദേശം
Kerala Rain Alert Today: കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളിൽ പുറപ്പെടുവിച്ചിരിക്കുന്നത്.

Kerala Rain Alert. (Image credits: PTI)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് (Kerala Rain Alert) കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിൻ്റെ പശ്ചാതലത്തിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് (orange alert) പ്രഖ്യാപിച്ചു. ഇടുക്കി പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ എറണാകുളത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളിൽ പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ മഴ പെയ്യുന്ന പ്രദേശങ്ങളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ കരുതിയിരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴയും കാസർകോടും ഒഴികെ മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ഇന്ന് തെക്കൻ കേരളം തീരവും അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശമായ മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ ചൂണ്ടികാട്ടുന്നു.
ALSO READ: അര്‍ജുനായി തിരച്ചില്‍ തുടരും; ഗംഗാവലിയില്‍ പുഴയില്‍ നേവി പ്രാഥമിക പരിശോധന ആരംഭിച്ചു
ബുധൻ, വ്യാഴം ദിവസങ്ങളിൽ തെക്കൻ കേരളം തീരം അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശം മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
അതേസമയം ഇന്നലെ ഉച്ചയ്ക്ക് ശേഷം വയനാട്ടിൽ ശക്തമായ മഴയാണ് പെയ്തത്. ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ അതിതീവ്ര മഴ പെയ്തതായാണ് റിപ്പോർട്ട്. വയനാട് ദുരന്തം നടന്ന മേപ്പാടി, മൂപ്പൈനാട്, പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. കടച്ചിക്കുന്ന്, വടുവൻചാൽ മേഖലയിൽ മൂന്ന് മണിക്കൂറിനിടെ 100 മില്ലിമീറ്റർ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കുറുമ്പാലക്കോട്ടയിലും അതിശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. എന്നാൽ ശക്തമായ മഴ പെയ്ത പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
അതിനിടെ, മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ചൊവ്വാഴ്ച പരിശോധന നടത്തുമെന്ന് അറിയിച്ചു. ദുരന്തപ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേയും അനുബന്ധ മേഖലകളിലേയും അപകടസാധ്യതകൾ സംഘം വിലയിരുത്തുകയും ചെയ്യും. കൂടാതെ ദുരന്തം എങ്ങനെയാവാം നടന്നതെന്നും ഉരുൾപൊട്ടലിൽ എന്തെല്ലാം പ്രതിഭാസങ്ങളാണ് സംഭവിച്ചതെന്നും സംഘം വിലയിരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
വിദഗ്ധപരിശോധനക്ക് ശേഷം റിപ്പോർട്ട് സംഘം സർക്കാരിന് സമർപ്പിക്കും. പ്രദേശത്തെ അനുയോജ്യമായ ഭൂവിനിയോഗവും വിദഗ്ധസംഘം ശുപാർശ ചെയ്യുമെന്നാണ് റിപ്പോർട്ട്. സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (സിഡബ്ല്യുആർഎം) പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ. ടി കെ ദൃശ്യ, സൂറത്ത്കൽ എൻഐടി അസോസിയേറ്റ് പ്രൊഫസർ ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആൻ്റ് റിസ്‌ക് അനലിസ്റ്റ് പി പ്രദീപ് എന്നിവരാണ് അഞ്ചംഗ വിദഗ്ധസംഘത്തിൽ ഉൾപ്പെട്ടവർ.
ജാഗ്രതാ നിർദ്ദേശം
- കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
- മൽസ്യബന്ധനോപധികൾ സുരക്ഷിതമായ സ്ഥലങ്ങളിൽ വെക്കണം.
- അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും
- സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
- സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുക
- ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.