AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: കലിതുള്ളി തുലാവർഷം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ജാ​ഗ്രതാ നിർദ്ദേശം

Kerala Rain Alert Today: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം.

Kerala Rain Alert: കലിതുള്ളി തുലാവർഷം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ജാ​ഗ്രതാ നിർദ്ദേശം
Kerala Rain AlertImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 22 Oct 2025 06:02 AM

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. വരും ദിവസങ്ങളിൽ മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴ ശക്തമായതിനെ തുടർന്ന് ഇന്ന് മൂന്ന് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നിലനിൽക്കുന്നത്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് 15 സെന്റീമീറ്റർ വീതം തുറന്നു. അതിനാൽ ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറിയിട്ടുണ്ട്. കൂടാതെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഇന്ന് ഉച്ചയോടെ വടക്കൻ തമിഴ്നാട്, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങൾക്കും അതിനോട് ചേർന്ന തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിനുമുകളിലായി തീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. ഇതാണ് നിലവിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണം.

ALSO READ: സംസ്ഥാനത്ത് ഇന്ന് അവധി കൂടുതല്‍ ജില്ലകളിലേക്ക്; റെഡ് അലര്‍ട്ടുള്ള ജില്ലകളില്‍ മാത്രമല്ല

സ്കൂളുകൾക്ക് അവധി ‌

കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിലാണ് ഇതുവരെ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും പത്തനംതിട്ട ജില്ലയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

റെഡ് അലർട്ട്

22 ഇന്ന്: ഇടുക്കി, പാലക്കാട്, മലപ്പുറം

ഓറഞ്ച് അലർട്ട്

22 ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്

23 വ്യാഴം: കണ്ണൂർ, കാസറഗോഡ്

യെല്ലോ അലർട്ട്

22 ഇന്ന്: തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ്

23 വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്

24 വെള്ളി: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

25 ശനി: കണ്ണൂർ, കാസറഗോഡ്