AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amrit Bharat Express: കേരളത്തിന് 3 അമൃത് ഭാരത് എക്‌സ്പ്രസുകള്‍; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

Railway Announces Amrit Bharat Express For Kerala: അടുത്തയാഴ്ച കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി തമിഴ്‌നാടിനും കേരളത്തിനും ലഭിച്ച ആറ് ട്രെയിനുകള്‍ ഒരുമിച്ചാണ് ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ പോകുന്നത്. തിരുവനന്തപുരത്ത് വെച്ച് ചടങ്ങ് നടക്കും.

Amrit Bharat Express: കേരളത്തിന് 3 അമൃത് ഭാരത് എക്‌സ്പ്രസുകള്‍; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും
പ്രധാനമന്ത്രി നരേന്ദ്ര മോദിImage Credit source: PTI
Shiji M K
Shiji M K | Published: 16 Jan 2026 | 10:45 AM

തിരുവനന്തപുരം: കേരളത്തിന് മൂന്ന് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. ഒരു പാസഞ്ചര്‍ ട്രെയിന്‍ ഉള്‍പ്പെടെ നാല് ട്രെയിനുകളാണ് കേരളത്തിന് പുതുതായി ലഭിക്കാന്‍ പോകുന്നത്. ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനാണ് പുതുതായി എത്തുന്നത്. കേരളത്തിന് ലഭിച്ച നാല് ട്രെയിനുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും.

അടുത്തയാഴ്ച കേരളത്തില്‍ എത്തുന്ന പ്രധാനമന്ത്രി തമിഴ്‌നാടിനും കേരളത്തിനും ലഭിച്ച ആറ് ട്രെയിനുകള്‍ ഒരുമിച്ചാണ് ഫ്‌ളാഗ് ഓഫ് ചെയ്യാന്‍ പോകുന്നത്. തിരുവനന്തപുരത്ത് വെച്ച് ചടങ്ങ് നടക്കും. തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗര്‍കോവില്‍-മംഗളൂരു ട്രെയിനുകളാണ് കേരളത്തിന് പുതുതായി അനുവദിച്ചിരിക്കുന്നത്. നാഗര്‍കോവില്‍-ചര്‍ലപ്പള്ളി, കോയമ്പത്തൂര്‍-ധന്‍ബാദ് അമൃത് ഭാരത് ട്രെയിനുകളാണ് തമിഴ്‌നാടിന് ലഭിക്കുന്നത്.

ഇതിന് പുറമെ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാത വൈദ്യുതീകരിക്കുന്നതിനും റെയില്‍വേ പദ്ധതി തയാറാക്കിയിട്ടുണ്ട്. അമൃത് ഭാരത്, പാസഞ്ചര്‍ ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫിനോടൊപ്പം തന്നെ അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച 11 സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

Also Read: Amrit Bharat Express: അമൃത് ഭാരതില്‍ താംബരത്തേക്ക് എത്താം; സര്‍വീസുള്ളത് ഈ ദിവസങ്ങളില്‍

കേരളത്തിലെ കുറ്റിപ്പുറം, ചങ്ങനാശേരി, ഷൊര്‍ണൂര്‍ എന്നീ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ചെടുത്തിരിക്കുന്നത്. എല്ലാ ദിവസവും സര്‍വീസ് നടത്തുന്ന രീതിയിലാണ് ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ വരവ്. വൈകിട്ട് 6.10ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ തൃശൂരില്‍ 6.50ന് എത്തിച്ചേരും. രാത്രി 8.10നാണ് മടക്കയാത്ര, ഇത് 8.45ന് ഗുരുവായൂരില്‍ അവസാനിക്കും.

അതേസമയം, ആദ്യം പ്രഖ്യാപിച്ച അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ റൂട്ടുകളില്‍ കേരളം ഉള്‍പ്പെട്ടിരുന്നില്ല. ഗുവാഹത്തി-റോഹ്തക്, ദിബ്രുഗഡ്-ലഖ്‌നൗ, ജല്‍പായ്ഗുരി – നാഗര്‍കോവില്‍, ന്യൂ ജല്‍പായ്ഗുരി-തിരുച്ചിറപ്പള്ളി, അലിപുര്‍ദുവാര്‍ – എസ്എംവിടി ബെംഗളൂരു, അലിപുര്‍ദുവാര്‍ – മുംബൈ പന്‍വേല്‍, കൊല്‍ക്കത്ത സന്ത്രഗാച്ചി- താംബരം, കൊല്‍ക്കത്ത ഹൗറ-ആനന്ദ് വിഹാര്‍, കൊല്‍ക്കത്ത സീല്‍ഡ-ബനാറസ് എന്നിവിടങ്ങളിലേക്ക് ഒന്‍പത് അമൃത് ഭാരത് എക്‌സ്പ്രസുകളായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്.