Kerala Weather Update: സംസ്ഥാനത്ത് മഴ അതിശക്തം; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണത്തിനും സാധ്യത
Kerala Weather Forecast And Latest Update: ഇന്ന് മാത്രം ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ഇന്നത്തെ കാലാവസ്ഥ
തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴിയുടെയും കാലാവസ്ഥ വ്യതിയാനങ്ങളുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇതിൻ്റെ ഫലമായി ഇന്ന് മാത്രം ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ നാല് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ALSO READ: ഇന്നും നാളെയും മറ്റന്നാളും ഇടിമിന്നൽ, മഴ; യെല്ലോ അലർട്ട്!
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) ജില്ലയിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കൂടാതെ കന്യാകുമാരി തീരത്തും നാളെ വൈകുന്നേരം 05.30 വരെ 0.9 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഒക്ടോബർ 11,12 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. തുലാവർഷത്തിന് സമാനമായ മഴയാണ് നിലവിൽ കേരളത്തിൽ ലഭിക്കുന്നത്. അതിനാൽ ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിലാകും ഇടിമിന്നലിന് സാധ്യത കൂടുതൽ.
തുലാവർഷം എത്തിയോ?
കേരളത്തിൽ കാലവർഷം വിടവാങ്ങൽ ഘട്ടത്തിലേക്ക് കടക്കുമ്പോൾ തുലാവർഷത്തിനായുള്ള കാത്തിരിപ്പിലാണ് സംസ്ഥാനം. സാധാരണയായി എല്ലാ വർഷവും ഒക്ടോബർ പകുതിയോടെ കേരളത്തിൽ തുലാവർഷം സജീവമാകാറുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ അനുസരിച്ച്, ഒക്ടോബർ രണ്ടാം വാരത്തോടെ കാലവർഷം പൂർണ്ണമായും വിടവാങ്ങുകയും ഒക്ടോബർ പകുതിയോടെ വടക്കുകിഴക്കൻ കാറ്റ് ശക്തമായി തുലാവർഷം ആരംഭിക്കുകയും ചെയ്യും. നിലവിൽ തുലാവർഷത്തിന് സമാനമായ സാഹചര്യമാണ് അനുഭവപ്പെടുന്നത്. എന്നാൽ ഔദ്യോഗികമായി ഇതുവരെ ഇക്കാര്യം കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
English Summary:
IMD issues a Yellow Alert for 9 districts in Kerala on October 9. Expect heavy rainfall, thunderstorms, and coastal swell surge warnings. Check affected districts and safety guidelines.