Kerala Weather Update: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Weather Update: മൂന്ന് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മുന്നറിയിപ്പിന്റെ ഭാഗമായി പാലക്കാട്, മലപ്പുറം, വയനാട് എന്നീ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
മൂന്ന് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നൽ ജാഗ്രതാനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിൻറെ ലക്ഷണം കണ്ടുകഴിഞ്ഞാൽ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക, പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
ALSO READ: വേടനെതിരെ കൂടുതൽ അന്വേഷണത്തിന് വനം വകുപ്പ്; പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്കയച്ചു
അതേസമയം, തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 45 മുതൽ 50 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
കേരളത്തിൽ എപ്പോൾ കാലവർഷം എത്തുമെന്നത് മെയ് 15 ഓടെ അറിയാൻ കഴിയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് അവസാന വാരത്തോടെ കാലാവർഷം എത്തുമെന്നാണ് പ്രതീക്ഷ. കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരങ്ങളിലും കർണാടക, ആന്ധ്ര, തെലങ്കാന, മറ്റ് മധ്യ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഇത്തവണ അധിക മഴ പ്രതീക്ഷിക്കുന്നുണ്ട്.