Kerala Rain Alert: പൂര്‍വാധികം ശക്തിയോടെ മഴ തിരിച്ചെത്തുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Yellow alert in four districts of Kerala on September 9: കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സെപ്തംബര്‍ ഒമ്പതിന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്
തിരുവനന്തപുരം: കേരളത്തില്‍ സെപ്തംബര്‍ ഒമ്പത് മുതല്‍ മഴ വീണ്ടും ശക്തമായേക്കും. സമീപദിവസങ്ങളില്‍ വടക്കന്‍ കേരളത്തിലായിരുന്നു മഴ ശക്തമെങ്കില്‍, ചൊവ്വാഴ്ച സംസ്ഥാനത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് കൂടുതല്‍ പേമാരി പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സെപ്തംബര്‍ ഒമ്പതിന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
സെപ്തംബര്‍ ഒമ്പതിന് ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറില്‍ 64.5-115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നിലവിലെ അറിയിപ്പ് പ്രകാരം അന്ന് മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ എട്ട് വരെ ഒരു ജില്ലയിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. എല്ലാ ജില്ലകളിലും തിങ്കളാഴ്ച വരെ ഗ്രീന്‍ അലര്‍ട്ടാണ്. നേരിയതോ, മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിനും തടസമില്ല. പടിഞ്ഞാറന്‍ അറബിക്കടലിന്റെ മധ്യ ഭാഗത്തും, തെക്ക് ദിശയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 45-60 കി.മീ വരെ വേഗതയിലുള്ള കാറ്റാണ് പ്രതീക്ഷിക്കുന്നത്.
സെപ്തംബര്‍ ഒമ്പത് വരെ ഈ കടല്‍ പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നുണ്ട്. മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അതത് ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്.