AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Welfare Pension: ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; കിട്ടുന്നത് 3000 രൂപയോ?

Kerala Welfare Pension Distribution: 1600 രൂപയിൽ നിന്ന് 2500 രൂപയാക്കുമെന്നായിരുന്നു അന്ന് നൽകിയ വാഗ്ദാനം. എന്നാൽ നാലേമുക്കാൽ വർഷം തുകയിൽ ഒരു രൂപ പോലും കൂട്ടിയില്ല. പകരം, തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പത്തെ ആഴ്ചയിലാണ് 1600 രൂപ 2000 രൂപയായി വർധിപ്പിച്ചത്.

Welfare Pension: ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; കിട്ടുന്നത് 3000 രൂപയോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 23 Jun 2026 | 08:03 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം നാളെ ( ബുധനാഴ്ച) മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചു. നിലവിൽ 2000 രൂപയാണ് പ്രതിമാസ പെൻഷൻ നൽകുന്നത്. സംസ്ഥാനത്തെ 62 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതിൽ 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളിൽ എത്തി നേരിട്ട് തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യുന്നതാണ്.

മൂവായിരം രൂപ എന്ന് മുതൽ?

ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും എന്നത് യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. ഇത് ഉടനെ നിറവേറ്റുമെന്നും കാലതാമസം ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിഡി സതീശൻ നിയമസഭയിൽ അറിയിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെൻഷൻ വർധനവുമായി ബന്ധപ്പെട്ട വൻ കാലതാമസം ഉണ്ടായ സാഹചര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

1600 രൂപയിൽ നിന്ന് 2500 രൂപയാക്കുമെന്നായിരുന്നു അന്ന് നൽകിയ വാഗ്ദാനം. എന്നാൽ നാലേമുക്കാൽ വർഷം തുകയിൽ ഒരു രൂപ പോലും കൂട്ടിയില്ല. പകരം, തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പത്തെ ആഴ്ചയിലാണ് 1600 രൂപ 2000 രൂപയായി വർധിപ്പിച്ചത്. അത്തരം ഒരു കാലതാമസം തങ്ങളുടെ സർക്കാർ വരുത്തില്ലെന്നും നൽകിയ വാഗ്ദാനം ഉടനെ പാലിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

ALSO READ: സ്ത്രീ സുരക്ഷ പെന്‍ഷന്‍ സര്‍ക്കാര്‍ കൈവിട്ടു; തീരുമാനം ഉടന്‍ ഉണ്ടാകില്ല, കാത്തിരിപ്പ് നീളും

പരാതികൾ പരിഹരിക്കും

നിലവിലെ പെൻഷൻ മാനദണ്ഡങ്ങളെ സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്നുണ്ട്. അർഹരായവർക്ക് ക്ഷേമ പെൻഷൻ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഈ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിനെ കുറിച്ച് സർക്കാർ ഗൗരവമായി പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീട്ടിൽ എ.സി വച്ചതിന്റെ പേരിൽ പെൻഷൻ നിഷേധിക്കുന്നതായി നിരന്തര പരാതികൾ ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള പരാതികളിൽ കൃത്യമായ പരിശോധനകൾ നടത്തും.

അനർഹരായ ചിലർ പെൻഷൻ വാങ്ങുന്നുണ്ട്. ഇവരെ ഒഴിവാക്കുന്നതിനും അർഹരായവരെ ഉൾപ്പെടുത്തുന്നതിനുമായി പ്രത്യേക സംവിധാനം കൊണ്ടുവരാൻ സർക്കർ ആലോചിക്കുന്നുണ്ട്.  പെൻഷൻ മുടങ്ങാതെ വിതരണം ചെയ്യാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിൽ മറുപടി നൽകവേയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സ്ത്രീസുരക്ഷാ പെൻഷൻ തുടരുമോ?

സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വ്യക്തമാക്കി. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ഫെബ്രുവരിയിലാണ് ഈ പദ്ധതി ആരംഭിച്ചത്. സാമൂഹ്യക്ഷേമ പെൻഷന്റെ ഭാഗമല്ല ഈ പദ്ധതിയെന്നും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിച്ച ശേഷം അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

English Summary:

Chief Minister VD Satheesan announced that the distribution of welfare pension in the state will start from tomorrow (Wednesday). Currently, the monthly pension is Rs 2000. About 62 lakh people in the state are receiving welfare pension. Of these, the amount will reach the accounts of 26.62 lakh people.

Follow Us