Kerala Zumba Controversy: ‘സൂംബ’യില്‍ സര്‍ക്കാര്‍-സമസ്ത പോര്, അല്‍പവസ്ത്രധാരണ രീതിയെന്ന് നാസര്‍ ഫൈസി, എന്താണ് കുഴപ്പമെന്ന് മന്ത്രി ആര്‍. ബിന്ദു
Protest against Zumba Dance In Kerala: സൂംബ ഡാന്‍സ് കുട്ടികള്‍ കളിക്കുന്നത് അവര്‍ക്കും പൊതുസമൂഹത്തിനും വളരെ ഗുണകരമാണെന്നും മന്ത്രി ആര്‍ ബിന്ദു. വളരെ ആഹ്ലാദത്തോടെയും ഉല്ലാസത്തോടെയുമാണ് സ്‌കൂള്‍ സമൂഹം ഇത് ഏറ്റെടുത്തത്. അതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. കാലത്തിന് അനുസരിച്ച് എല്ലാവരും ചിന്തിക്കണമെന്നും മന്ത്രി
തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് കളിക്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധമുയരുന്നു. സമസ്ത, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധമുയര്‍ത്തുന്നത്. അല്‍പവസ്ത്രം ധരിച്ച് ആടപ്പാടുന്ന രീതിയാണ് സൂംബയെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. വലിയ കുട്ടികള്‍ പോലും ഇങ്ങനെ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കില്‍ പ്രതിഷേധാര്‍ഹമാണെന്ന് നാസര്‍ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു.
ആഭാസങ്ങള്‍ നിര്‍ബന്ധിക്കരുത്. വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിനും, വ്യക്തിസ്വാതന്ത്ര്യത്തിനും നേരെയുള്ള ലംഘനമാണ് ഇതെന്നും നാസര്‍ ഫൈസി വിമര്‍ശിച്ചു. നേരത്തെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ. അഷ്‌റഫും സൂംബയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഈ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ ഒരധ്യാപകന്‍ എന്ന നിലയക്ക് വിട്ടുനില്‍ക്കുന്നുവെന്ന് അഷ്‌റഫ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തന്റെ മകനും പരിപാടിയില്‍ പങ്കെടുക്കില്ലെന്നും, ഏത് നടപടി നേരിടാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിൻ്റെ താളത്തിൽ തുള്ളുന്ന സംസ്കാരം പഠിക്കാനല്ല കുട്ടിയെ സ്‌കൂളില്‍ വിടുന്നതെന്നും, ഇക്കാര്യത്തില്‍ താന്‍ പ്രാകൃതനാണെന്നും അഷ്‌റഫ് പറഞ്ഞു.




സൂംബ ഡാന്‍സിനെതിരെ സമസ്ത യുവജനവിഭാഗവും രംഗത്തെത്തിയിരുന്നു. ഇത് ധാര്‍മികതയ്ക്ക് ക്ഷതമേല്‍പ്പിക്കുമെന്നായിരുന്നു സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂറിന്റെ അഭിപ്രായം. ഏകപക്ഷീയമായി ഇത് അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്ന് എംഎസ്എഫും പ്രതികരിച്ചു. സൂംബ ഡാന്‍സിനെതിരായ സമസ്ത നിലപാട് അപഹാസ്യമെന്നായിരുന്നു എസ്എഫ്‌ഐയുടെ വിമര്‍ശനം.
എന്തിനാണ് ഇത്ര കൂടിയാലോചന വേണ്ടതെന്നും സൂംബ ഡാന്‍സ് കുട്ടികള്‍ കളിക്കുന്നത് അവര്‍ക്കും പൊതുസമൂഹത്തിനും വളരെ ഗുണകരമാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. വളരെ ആഹ്ലാദത്തോടെയും ഉല്ലാസത്തോടെയുമാണ് സ്‌കൂള്‍ സമൂഹം ഇത് ഏറ്റെടുത്തത്. അതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. കാലത്തിന് അനുസരിച്ച് എല്ലാവരും ചിന്തിക്കണമെന്നും മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതലയോഗത്തിലാണ് സൂംബ ഡാന്‍സ് പരിശീലിപ്പിക്കാന്‍ തീരുമാനമായത്.