Sreekrishnapuram ST Dominic School Controversy: 14കാരിയുടെ ആത്മഹത്യയില്‍ പ്രതിഷേധമിരമ്പുന്നു; സെന്റ് ഡൊമിനിക് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ അധ്യാപിക
Protest Against Sreekrishnapuram ST Dominic School Management: സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ അധ്യാപിക രംഗത്തെത്തി. അടിച്ചേല്‍പിക്കുന്ന ചില റൂളുകള്‍ സ്‌കൂളിലുണ്ടെന്ന് അധ്യാപിക ആരോപിച്ചു. രക്ഷിതാക്കളുമായി നേരിട്ട് സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ആരോപണം
പാലക്കാട്: 14കാരി തൂങ്ങിമരിച്ച സംഭവത്തില്‍ പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ഉയരുന്നു. തച്ചനാട്ടുകര ചോളോട് സ്വദേശിനിയായ 14കാരിയാണ് ജീവനൊടുക്കിയത്. മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ക്ലാസ് മാറ്റിയിരുത്തിയതിന്റെ മനോവേദനയിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. സ്‌കൂളിലേക്ക് ഇന്ന് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്‌കൂളിലേക്ക് തള്ളിക്കയറാനുള്ള പ്രവര്‍ത്തകരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഡിവിഷന്‍ മാറ്റിയതിനെ തുടര്‍ന്ന് കുട്ടി ദുഃഖത്തിലായിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഒമ്പതാം ക്ലാസിലായിരുന്നു കുട്ടി. അടുത്ത പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ എട്ടില്‍ ഇരിക്കാന്‍ തയ്യാറാണെന്ന് കത്ത് എഴുതി തരണമെന്ന് അധ്യാപികയായ സ്റ്റെല്ല ബാബു ആവശ്യപ്പെട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു.
സ്‌കൂളില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന രക്ഷിതാക്കളുടെ യോഗത്തിലും പ്രതിഷേധമുണ്ടായിരുന്നു. മക്കള്‍ സ്‌കൂളില്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് യോഗത്തില്‍ രക്ഷിതാക്കള്‍ തുറന്നടിച്ചു. പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപികയായ സ്റ്റെല്ല ബാബു കുട്ടിയുടെ മുഖത്തടിച്ചെന്നായിരുന്നു ഒരു രക്ഷിതാവിന്റെ ആരോപണം. മകന്‍ 11 ദിവസത്തോളം ട്രോമയിലായിരുന്നു. പിന്നെ അവനെ വേറെ സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു.




ക്ലാസ് ടെസ്റ്റ് നടത്തിയപ്പോള്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ ഒമ്പതാം ക്ലാസിലേക്ക് വിജയിച്ച മകനെ എട്ടാം ക്ലാസിലേക്ക് ഡീപ്രമോട്ട് ചെയ്യാന്‍ സമ്മതമാണെന്ന് തന്റെ സാന്നിധ്യത്തില്‍ എഴുതിവാങ്ങിച്ചെന്നും അദ്ദേഹം ആരോപിച്ചു. പിടിഎ മീറ്റിങില്‍ രക്ഷിതാക്കള്‍ക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യമില്ല. പല തവണ വന്നിട്ടും ഇവിടുത്തെ പ്രിന്‍സിപ്പലിനെ കാണാന്‍ സാധിച്ചിട്ടില്ലെന്നും രക്ഷിതാവ് ആരോപിച്ചു.
അതേസമയം, സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ അധ്യാപികയായ വന്ദന രാജേഷ് രംഗത്തെത്തി. അടിച്ചേല്‍പിക്കുന്ന ചില റൂളുകള്‍ സ്‌കൂളിലുണ്ടെന്ന് അധ്യാപിക ആരോപിച്ചു. രക്ഷിതാക്കളുമായി നേരിട്ട് സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് രക്ഷിതാക്കളുടെ ചീത്തവിളിയും അധ്യാപകര്‍ കേള്‍ക്കേണ്ടിവരും. ആ സ്‌കൂളില്‍ ഒരുപാട് മാനസിക സമ്മര്‍ദ്ദങ്ങളുണ്ടായിട്ടുണ്ട്. അവിടെ ഒന്നും തുറന്നു പറയാനാകുമായിരുന്നില്ല. എന്തു പറഞ്ഞാലും ഒറ്റപ്പെടുത്തുന്ന രീതിയായിരുന്നു. അധ്യാപകരാണെന്ന പരിഗണനയില്ലാതെ കുട്ടികളുടെ മുന്നില്‍ വച്ച് മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും അവര്‍ ആരോപിച്ചു.
Read Also: Kerala police chief: സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നംഗ ചുരുക്കപ്പട്ടികയായി
അതിനിടെ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഒ.പി. ജോയ്‌സി, അധ്യാപികമാരായ സ്റ്റെല്ല ബാബു, എ.ടി. തങ്കം എന്നിവരെ പുറത്താക്കിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. കൂടുതല്‍ സാമൂഹികബന്ധങ്ങളും, സൗഹൃദങ്ങളുമുണ്ടാകാനാണ് ക്ലാസ് വിഭജനം നടത്തിയതെന്നാണ് മാനേജ്‌മെന്റിന്റെ ന്യായീകരണം. ഇത് രക്ഷിതാക്കളുടെ അറിവോടെ ചെയ്യുന്നതാണെന്നും മാനേജ്‌മെന്റ് പറയുന്നു. ഉന്നതവിജയം തുടര്‍ച്ചയായി നേടുന്ന സ്‌കൂളിനെ തരംതാഴ്ത്തിക്കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും മാനേജ്‌മെന്റ് ആരോപിച്ചു.
( ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056 )