Kadavanthra Student Missing: കടവന്ത്രയില്‍ നിന്ന് 13കാരനെ കാണാതായി; അന്വേഷണം തുടരുന്നു
Kochi Student Goes Missing: 13കാരൻ ഇടപ്പള്ളി ലുലു മാളിന് മുൻപിലൂടെ നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തി വരികയാണ്.
കൊച്ചി: എറണാകുളം കടവന്ത്രയിൽ എട്ടാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. കൊച്ചി കടവന്ത്ര സ്വദേശിയെ ആണ് ചൊവ്വാഴ്ച രാവിലെ മുതൽ കാണാതായത്. വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
നിലവിൽ സ്‌കൂൾ അവധി ആണെങ്കിലും ചില ആവശ്യങ്ങൾക്കായാണ് കുട്ടി രാവിലെ സ്‌കൂളിലേക്ക് പോയത്. ഇതിന് പിന്നാലെയാണ് കാണാതായത്. ഉച്ചയ്ക്ക് ശേഷവും കുട്ടി മടങ്ങി എത്താതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ എളമക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
13കാരൻ ഇടപ്പള്ളി ലുലു മാളിന് മുൻപിലൂടെ നടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തി വരികയാണ്. മെട്രോ സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും അന്വേഷണം നടത്തിയെങ്കിലും ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ല. കുട്ടിയുടെ ഫോൺ നമ്പറും ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
നിയന്ത്രണംവിട്ട ചരക്കു ലോറി ഏഴ് വാഹനങ്ങളിലിടിച്ച് അപകടം
കോട്ടയ്ക്കൽ പുത്തൂര്‍ വളവിൽ ചരക്ക് ലോറി നിയന്ത്രണംവിട്ട് പാടത്തേക്ക് മറിഞ്ഞ് അപകടം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി കാറുകളും ബൈക്കുകളും ഉൾപ്പടെ ഏഴ് വാഹനങ്ങളിൽ ഇടിഞ്ഞശേഷം പാടത്തേക്ക് മറിഞ്ഞത്. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് കോട്ടയ്ക്കലിലേക്ക് ചരക്കുകയറ്റിയെത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ പത്ത് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരാമെന്നാണ് വിവരം. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പൊന്മുണ്ടം സ്വദേശികളായ ഖദീജ(42) മിസ്രിയ(23) ഫസലുല്‍ റഹ്‌മാന്‍(27) ഹാസിന്‍ സയാന്‍(11 മാസം) മഞ്ചേരി തൃപ്പനച്ചി സ്വദേശികളായ ഉണ്ണികൃഷ്ണന്‍(56) ദിലീപ്(40) പ്രജിലേഷ്(45) കരിങ്കപ്പാറ സ്വദേശി അബ്ദുള്‍സലാം(52) പുത്തൂര്‍ സ്വദേശികളായ ബഷീര്‍, റാഷിദ(43) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്രജിലേഷിന്റെ പരുക്ക് ഗുരുതരമാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.