Kottarakkara Accident: നോവായി ആ മൂന്നുപേര്‍! ടിപ്പര്‍ ലോറിക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൃത്യമായ പരിശോധനയില്ലാതെ; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

MVD Action on Kottarakkara Tipper Crash: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ച അപകടത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

Kottarakkara Accident: നോവായി ആ മൂന്നുപേര്‍! ടിപ്പര്‍ ലോറിക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത് കൃത്യമായ പരിശോധനയില്ലാതെ; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കൊട്ടാരക്കര അപകടത്തില്‍ മരിച്ചവര്‍

Published: 

24 Jun 2026 | 07:34 AM

കൊല്ലം: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞ് മൂന്ന് പേര്‍ മരിച്ച അപകടത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കരുനാഗപ്പള്ളി സബ് ആര്‍ടിഒയിലെ എംവിഐമാരായ സുധിന്‍ ഗോപി, ശരത് എസ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൊട്ടാരക്കരയ്ക്ക് സമീപം മുക്കോളിമുക്കില്‍ ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.

മണ്ണ് കയറ്റി അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി ഒരു ബൈക്കിലിടിച്ച് ബസ് സ്‌റ്റോപ്പിലേക്ക് മറിയുകയായിരുന്നു. ഈ സമയം 15 പേര്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ചിലര്‍ ഓടിമാറി. ഹരിലാല്‍ (54), അജയന്‍ ആചാരി (45), പാര്‍ത്ഥിപ് (15) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

വിദ്യാര്‍ത്ഥികളായ കുശാല്‍ (15), ഋഷഭ് ബോബന്‍ (15), നവനീത് (13), ജിബി ബോള്‍ (15), ടിപ്പര്‍ ഡ്രൈവര്‍ നിസാം എന്നിവര്‍ക്ക് പരിക്കേറ്റു. ബസ് സ്റ്റോപ്പിലുണ്ടായിരുന്നവരില്‍ കൂടുതല്‍ പേരും വിദ്യാര്‍ത്ഥികളായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി.

മണ്ണിനടിയില്‍ കൂടുതല്‍ പേരുണ്ടെന്നായിരുന്നു ആദ്യം കരുതിയത്. ടിപ്പറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവര്‍ നിസാം. ടിപ്പര്‍ വെട്ടിപ്പൊളിച്ചാണ് ഫയര്‍ ഫോഴ്‌സ് നിസാമിനെ പുറത്തെടുത്തത്. തുടര്‍ന്ന് മണ്ണുമാന്തിയുടെ സഹായത്തോടെ ടിപ്പര്‍ നിവര്‍ത്തി. ഇതിനുശേഷമാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. മന്ത്രിമാരായ ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ സ്ഥലത്തെത്തി.

കടുത്ത നിയമലംഘനങ്ങള്‍

കടുത്ത നിയമലംഘനങ്ങള്‍ നടന്നതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സ്ഥിരീകരിച്ചു. ഡ്രൈവര്‍ക്ക് ഹെവി ലൈസന്‍സുണ്ടായിരുന്നില്ല. ഒരു മാസം മുമ്പാണ് നിസാം ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. അപകടസമയത്ത് ടിപ്പറിന്റെ ജിപിഎസ് ഓഫാക്കിയ നിലയിലായിരുന്നു. അമിതവേഗതയാണ് അപകടകാരണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.

ഈ ടിപ്പര്‍ ലോറിക്ക് 17 വര്‍ഷത്തെ പഴക്കമുണ്ട്. നിയമലംഘനത്തിന് ഈ വാഹനം നേരത്തെയും പലതവണ പിടിക്കപ്പെട്ടിട്ടുണ്ട്. അപകടത്തിന് പിന്നാലെ ടിപ്പര്‍ ലോറിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ആര്‍ടിഒ റദ്ദാക്കി. ശരിയായ രീതിയിലാണോ ഫിറ്റ്‌നസ് അനുവദിച്ചത് എന്ന് വിശദമായി പരിശോധിക്കുമെന്ന് ആര്‍ടിഒ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൃത്യമായ പരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

Also Read: Kottarakkara Tipper Truck Crash: കൊട്ടാരക്കരയില്‍ ബസ് സ്റ്റോപ്പിലേക്ക് ടിപ്പര്‍ ലോറി പാഞ്ഞുകയറി; മൂന്ന് മരണം

ഡ്രൈവറെ പ്രതിയാക്കി മനഃപൂര്‍വമല്ലാത്ത നരഹത്യകുറ്റം ചുമത്തിയിട്ടുണ്ട്. അപകടമുണ്ടായ സ്ഥലം ഇറക്കവും വളവും കൂടി വരുന്ന ഭാഗമാണ്. അളവില്‍ കൂടുതല്‍ മണ്ണുകയറ്റി അമിതവേഗതയിലെത്തിയതാണ് അപകടകാരണം. പരിക്കേറ്റവരുടെ ചികിത്സാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം മന്ത്രിസഭ തീരുമാനിക്കും.

2024 മുതല്‍ ഫിറ്റ്‌നസ് ഇല്ലാതെയാണ് ഈ വാഹനം ഓടിച്ചിരുന്നത്. രണ്ട് മാസം മുമ്പാണ് ഫിറ്റ്‌നസ് പുതുക്കിയത്. 17 വര്‍ഷം പഴക്കമുണ്ടായിരുന്നിട്ടും അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തിയിട്ടില്ല. നിയമലംഘനത്തിന് പലതവണ പിടിക്കപ്പെട്ടപ്പോഴും ചെറിയ പിഴത്തുകകള്‍ അടച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്.

English Summary

A fatal tipper lorry accident in Kottarakkara killed three people at a bus stop. The driver lacked a heavy vehicle license. The Motor Vehicles Department suspended two officers for issuing fitness certificate without proper inspection.

Follow Us
ആഴ്ചയിൽ 1 കിലോ കുറയും! ദിവസം ഇത്ര സ്റ്റെപ്സ് ഇങ്ങനെ നടക്കണം
ഉറക്കം കുറവാണോ? ബെഡ്റൂമിൽ ഈ ഇൻഡോർ ചെ‌ടികൾ വച്ചാൽ മതി
ശരീരഭാരം കൂട്ടാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതെല്ലാം? എപ്പോള്‍ കഴിക്കണം?
അടുക്കളയിൽ സിങ്ക് ബ്ലോക്ക് ആയോ? പരിഹാരം ഇതാ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'