AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIFA World Cup 2026: കളിയാക്കിയവരൊക്കെ എവിടെ? റൊണാള്‍ഡോയുടെ ‘ഡബിള്‍’ പ്രഹരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് പോര്‍ച്ചുഗല്‍

Portugal vs Uzbekistan and England vs Ghana Match Results: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ മികവില്‍ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരം എന്ന റെക്കോഡും ഈ ഗോളോടെ റൊണാള്‍ഡോ സ്വന്തമാക്കി.

FIFA World Cup 2026: കളിയാക്കിയവരൊക്കെ എവിടെ? റൊണാള്‍ഡോയുടെ ‘ഡബിള്‍’ പ്രഹരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് പോര്‍ച്ചുഗല്‍
ക്രിസ്റ്റ്യാനോ റൊണാൾഡോImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 24 Jun 2026 | 06:33 AM

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ മികവില്‍ ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് പോര്‍ച്ചുഗല്‍ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. കോംഗോയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയതിനെ തുടര്‍ന്ന് പോര്‍ച്ചുഗലിനെതിരെയും, റൊണാള്‍ഡോയ്‌ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഉസ്‌ബെക്കിസ്ഥാനെതിരായ തകര്‍പ്പന്‍ വിജയത്തോടെ റൊണാള്‍ഡോയും സംഘവും എല്ലാ പരിഹാസങ്ങള്‍ക്കും മറുപടി നല്‍കി. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ജാവോ കാൻസെലോയുടെ ക്രോസിൽ നിന്ന് ഒരു തകർപ്പൻ ഹാഫ് വോളിയിലൂടെ റൊണാൾഡോ പോർച്ചുഗലിന്റെ ആദ്യ ഗോൾ നേടി.

ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ പുരുഷ താരം എന്ന റെക്കോഡും ഈ ഗോളോടെ റൊണാള്‍ഡോ സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടുന്ന രണ്ടാമത്തെ പ്രായം കൂടിയ താരം എന്ന റെക്കോഡും കാമറൂണിന്റെ റോജർ മില്ലയ്ക്ക് പിന്നാലെ റൊണാൾഡോ സ്വന്തം പേരിലാക്കി.

16-ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ച് നുനോ മെൻഡിസ് പോർച്ചുഗലിന്റെ ലീഡ് ഉയര്‍ത്തി. റൊണാൾഡോ കിക്ക് എടുക്കുമെന്ന് കരുതി നിന്ന ഉസ്‌ബെക്കിസ്ഥാന്‍ പ്രതിരോധ നിരയെ കബളിപ്പിച്ചാണ് മെൻഡസ് ലോങ് റേഞ്ചർ തൊടുത്തത്. ഇതിനിടെ ഉസ്ബെക്കിസ്ഥാന്റെ അസീസ് ജോൺ ഗനിയേവ് ഒരു ഗോൾ മടക്കിയെന്ന് തോന്നിച്ചെങ്കിലും, വാർ പരിശോധനയിൽ കാൻസലോയ്ക്കെതിരായ ഫൗൾ കണ്ടെത്തിയതിനെ തുടർന്ന് റഫറി ഗോൾ അനുവദിച്ചില്ല.

Also Read: FIFA World Cup 2026: മെസിയുടെ റെക്കോഡ് ‘സേഫ’ല്ല; എംബാപ്പെ തൊട്ടുപിന്നാലെ; അര്‍ജന്റീനയും ഫ്രാന്‍സും നോക്കൗട്ടില്‍

38-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ മികച്ചൊരു ത്രൂ ബോളിൽ നിന്നും റൊണാൾഡോ വീണ്ടും വല കുലുക്കിയതോടെ പോര്‍ച്ചുഗല്‍ വിജയം ഉറപ്പിച്ചു. ഈ ഗോളോടെ ലോകകപ്പിൽ റൊണാൾഡോയുടെ ആകെ ഗോൾ നേട്ടം പത്തായി ഉയര്‍ന്നു. ഇതോടെ യൂസേബിയോയുടെ (9 ഗോളുകൾ) റെക്കോർഡ് മറികടന്ന് ലോകകപ്പ് ചരിത്രത്തിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോഡും ഈ 41-കാരന്‍ കൊണ്ടുപോയി.

രണ്ടാം പകുതിയിലും പോര്‍ച്ചുഗല്‍ ആധിപത്യം തുടര്‍ന്നു. 59-ാം മിനിറ്റില്‍ ഉസ്‌ബെക്കിസ്ഥാന്‍ ഗോള്‍കീപ്പര്‍ അബ്ദുവോഹിദ് നെമാറ്റോവിന്റെ ഓണ്‍ഗോള്‍ പോര്‍ച്ചുഗലിന് വീണ്ടും ലീഡ് സമ്മാനിച്ചു. പകരക്കാരനായി ഇറങ്ങിയ റാഫേല്‍ ലിയാവോ 86-ാം മിനിറ്റില്‍ വല കുലുക്കിയതോടെ അഞ്ചടിയില്‍ ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ വമ്പന്‍ വിജയം പൂര്‍ത്തിയാക്കി. ചില മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും ശക്തമായ പോര്‍ച്ചുഗല്‍ പ്രതിരോധത്തെ മറികടക്കാന്‍ ഉസ്‌ബെക്കിസ്ഥാന് സാധിച്ചില്ല.

ഇംഗ്ലണ്ടിന് ഘാനയുടെ സമനിലപ്പൂട്ട്‌

മറ്റൊരു പോരാട്ടത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ ഘാന ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ബോസ്റ്റണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഘാനയുടെ പ്രതിരോധത്തെ മറികടക്കാനായില്ല. രണ്ടാം പകുതിയില്‍ ബുകായോ സാക്കയും, മോര്‍ഗന്‍ റോജേഴ്‌സുമൊക്കെ കളിത്തിലിറങ്ങിയിട്ടും ഫലമുണ്ടായില്ല. നിക്കോ ഒറെയ്‌ലിയുടെ ഹെഡര്‍ പോസ്റ്റിലിടിച്ച് മടങ്ങിയതും, ഹാരി കെയ്‌നിന്റെ റീബൗണ്ട് ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയതും തിരിച്ചടിയായി. മറ്റൊരു മത്സരത്തില്‍, പാനമയെ ക്രൊയേഷ്യ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്തു.

English Summary

Portugal defeated Uzbekistan with a 5-0 victory. Cristiano Ronaldo scored two goals and broke a world record. England and Ghana tied their match with a 0-0 score. Ghana’s strong defense successfully stopped England from scoring.

Follow Us