Kottayam Pallickathodu Accident: കാർ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥിക്ക് ദാരുണാന്ത്യം; മാതാപിതാക്കളും ഡ്രൈവറും രക്ഷപ്പെട്ടു
Kottayam Pallickathodu Student Accident Death: ചല്ലോലി ജംക്‌ഷനിലെ ജലവിതരണ പദ്ധതിയുടെ 30 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടക്കുമ്പോൾ ജയിംസാണ് കാറോടിച്ചിരുന്നത്. ആനിക്കാട് പള്ളി റോഡിലേക്ക് കാർ തിരിക്കുന്നതിനിടെയാണ് കുളത്തിലേക്ക് മറിയുകയായിരുന്നു.
കോട്ടയം പള്ളക്കത്തോട് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അതേസമയം കാറിലുണ്ടായിരുന്ന മാതാപിതാക്കളും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളിക്കത്തോട് ചെങ്ങളം ചന്ദ്രൻകുന്നേൽ ജയിംസ് ജോസഫിന്റെയും ബീന ജയിംസിന്റെയും മകൻ ജെറിൽ ജയിംസ് (19) ആണ് അപകട്ടിൽ മരിച്ചത്. ഇന്നലെ രാത്രിയോടെ 8.15ന് ആണ് അപകടം സംഭവിച്ചത്.
ജെറിലിന്റെ അനുജൻ ജസ്റ്റിനെ റാന്നിയിലെ സ്കൂളിൽ പ്ലസ് വണ്ണിൽ ചേർത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടക്കുന്നത്. ചല്ലോലി ജംക്‌ഷനിലെ ജലവിതരണ പദ്ധതിയുടെ 30 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടക്കുമ്പോൾ ജയിംസാണ് കാറോടിച്ചിരുന്നത്. ആനിക്കാട് പള്ളി റോഡിലേക്ക് കാർ തിരിക്കുന്നതിനിടെയാണ് കുളത്തിലേക്ക് മറിയുകയായിരുന്നു.
അപകടം അറിഞ്ഞ നാട്ടുകാരെത്തി കാർ മുങ്ങിപ്പോകാതിരിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെ മുൻവശത്തുണ്ടായിരുന്ന ജയിംസും ഡ്രൈവർ പള്ളിക്കത്തോട് സ്വദേശി രജീഷും പുറത്തിറങ്ങുകയായിരുന്നു. പിൻവശത്തെ സീറ്റിലായിരുന്നു ജെറിലും അമ്മ ബീനയും ഉണ്ടായിരുന്നത്. എന്നാൽ, നാട്ടുകാർ ഉയർത്തിയ കയർ പൊട്ടിയതോടെ കാറിന്റെ പിൻവശത്തെ ഡോർ തുറന്നുപോയിരുന്നു.
ഇതിലൂടെ ബീന വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ അതിഥിത്തൊഴിലാളിയാണ് ബീനയെ രക്ഷിച്ചത്. എന്നാൽ ജെറിൽ ഇരുന്ന ഭാഗത്തെ ഡോർ തുറക്കാൻ സാധിക്കാതെ വന്നതാണ് മരണത്തിന് കാരണമായത്. കാർ കുളത്തിലേക്ക് താഴ്ന്നുപോവുകയും ചെയ്തു. അഗ്നിരക്ഷാസേനയും സ്കൂബ ടീമും ഒരു മണിക്കൂറോളം ശ്രമിച്ചാണ് ജെറിലിനെ പുറത്തെടുത്തത്.