V D Satheesan : കോട്ടയത്തെ റാഗിങ്; ക്രിമിനലുകള്‍ക്ക് സിപിഎം ഇനിയെങ്കിലും സംരക്ഷണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ്; ‘പൂക്കോട്’ മറന്നിട്ടില്ലെന്ന് കുറിപ്പ്
V D Satheesan on ragging in Kottayam: വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണം മറന്നിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിദ്ധാർഥ് ഇന്നും കണ്ണീരോർമ്മയാണെന്നും, സര്‍ക്കാര്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന എസ്എഫ്‌ഐ നേതാക്കളെയും, ഉത്തരവാദികളായ അധ്യാപകരെയും സംരക്ഷിച്ചെന്നും സതീശന്‍

തിരുവനന്തപുരം: കോട്ടയം സർക്കാർ നഴ്സിങ് കോളേജിലെ റാഗിങിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോട്ടയത്തേത് കണ്ണില്ലാത്ത ക്രൂരതയെന്ന് പറഞ്ഞാൽ അത് കുറഞ്ഞ് പോകുമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഈ പ്രായത്തില്‍ കുട്ടികള്‍ക്ക് സംഘടനാ ബോധമുണ്ടാകണമെന്നും, എന്നാല്‍ അത് മറ്റൊരാളെ ആക്രമിക്കുന്നതിനുള്ള വഴിയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം അനുകൂല സംഘടനയായ കേരള ഗവൺമെൻ്റ് സ്റ്റുഡൻ്റ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് റാഗിങിന് നേതൃത്വം നല്‍കിയത്. സിപിഎമ്മും, അനുകൂല സംഘടനകളും ഇനിയെങ്കിലും ഇത്തരം ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും സതീശന്‍ ആവശ്യപ്പെട്ടു.
വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണം മറന്നിട്ടില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. സിദ്ധാർഥ് ഇന്നും കണ്ണീരോർമ്മയാണെന്നും, സര്‍ക്കാര്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന എസ്എഫ്‌ഐ നേതാക്കളെയും, ഉത്തരവാദികളായ അധ്യാപകരെയും സംരക്ഷിച്ചെന്നും അദ്ദേഹം ആരോപിച്ചു.
പൂക്കോട് നടന്നതുപോലെ ഇരയ്‌ക്കൊപ്പം നില്‍ക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാട് സ്വീകരിക്കരുതെന്നും, ക്രിമിനലുകള്‍ക്ക് സിപിഎം രാഷ്ട്രീയ രക്ഷകര്‍തൃത്വം നല്‍കരുതെന്നും അധ്യാപകര്‍ക്കും ഹോസ്റ്റല്‍ ചുമതലക്കാര്‍ക്കും വീഴ്ച സംഭവിച്ചോയെന്ന് പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.




എന്ത് ചെയ്താലും രാഷ്ട്രീയ സംരക്ഷകര്‍ രക്ഷിക്കുമെന്ന വിശ്വാസത്തിലാണ് ഈ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്. റാഗിങ് എന്ന പ്രാകൃതമായ ക്രൂരത അവസാനിക്കണം. കുട്ടികളെ പോലെ, നിരവധി രക്ഷിതാക്കളുടെയും കണ്ണീര്‍ റാഗിങിന്റെ പേരില്‍ വീണു. കര്‍ശന നടപടിയുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അതിക്രൂരം
കോട്ടയത്തെ റാഗിങിന്റെ കൂരദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ വച്ച് ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കോമ്പസ് ഉപയോഗിച്ച് വിദ്യാര്‍ത്ഥിയുടെ ദേഹത്ത് കുത്തുന്നതും, മുറിവുകളില്‍ ലോഷന്‍ ഒഴിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. വണ്‍, ടൂ, ത്രീ എന്നുപറഞ്ഞാണ് കോമ്പസ് ഉപയോഗിച്ച് വിദ്യാര്‍ത്ഥിയെ ഉപദ്രവിക്കുന്നത്. വിദ്യാര്‍ത്ഥി കരഞ്ഞുപറഞ്ഞിട്ടും സീനിയേഴ്‌സ് ആക്രമണം അവസാനിപ്പിച്ചില്ല.
Read Also : ’വണ്‍, ടൂ, ത്രീ; മതി ഏട്ടാ വേദനിക്കുന്നു’; കോട്ടയം നഴ്സിംഗ് കോളേജ് റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്
നവംബര്‍ മുതല്‍ ക്രൂരപീഡനങ്ങള്‍ നടന്നിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളായ സാമുവൽ, രാഹുൽ, വിവേക്, റിജിൽജിത്ത്, ജീവ എന്നിവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.