Kozhikode Cargo Ship Fire: കപ്പലിലെ തീ നിയന്ത്രണ വിധേയമാകുന്നില്ല; 4 പേര്‍ക്കായി തിരച്ചില്‍
Kozhikode Cargo Ship Fire Updates: കപ്പലില്‍ നിന്നുള്ള തീ നിയന്ത്രണത്തിലാകാത്തതിനാല്‍ കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് അടുത്തേക്ക് പോകാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോഴിക്കോട്: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. എംവി വാന്‍ഗായ് 503 എന്ന കപ്പലിനാണ് കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തിന് 44 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ച് തീപിടിച്ചത്. കപ്പലില്‍ നിന്ന് രക്ഷപ്പെട്ട 18 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കാണാതായ നാലുപേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു.
കപ്പലില്‍ നിന്നുള്ള തീ നിയന്ത്രണത്തിലാകാത്തതിനാല്‍ കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് അടുത്തേക്ക് പോകാന്‍ സാധിക്കുന്നില്ലെന്നാണ് വിവരം. കപ്പലിലെ കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീണുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരെ നാവികസേന കപ്പലായ ഐഎന്‍എസ് സൂറത്തിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്റ്റര്‍ മാര്‍ഗം മംഗലാപുരത്ത് എത്തിക്കും. നിലവില്‍ മംഗളൂരുവില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിന് പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘമുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.




ബേപ്പൂര്‍ തുറമുഖം ചെറുതായതിനാല്‍ കപ്പല്‍ അവിടേക്ക് അടുപ്പിക്കാന്‍ സാധിക്കില്ലെന്നും മംഗളൂരുവിലേക്ക് തന്നെയാകും കപ്പല്‍ മടങ്ങി പോകുക എന്നും അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ അരുണ്‍ കുമാര്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, കപ്പലിലെ 157 കണ്ടെയ്‌നറുകളില്‍ അപകടരമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു എന്നാണ് വിവരം. ആസിഡുകള്‍, ലിഥിയം ബാറ്ററികള്‍, ഗണ്‍ പൗഡര്‍, ടര്‍പെന്റൈന്‍ ഉള്‍പ്പെടെ തീപിടിത്തത്തിന് കാരണമാകുന്ന വസ്തുക്കളും കണ്ടെയ്‌നറുകളിലുണ്ട്.
മാത്രമല്ല തനിയെ തീപിടിക്കുന്ന വസ്തുക്കളും കണ്ടെയ്‌നറുകളില്‍ ഉള്ളതായി തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
മൂന്ന് ഡോണിയര്‍ വിമാനങ്ങളും 5 കപ്പലുകളുമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. കാണാതായ ആളുകളെ രക്ഷിക്കുന്നതിനാണ് നിലവില്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു.