Vijil Missing Case; 2019ൽ കാണാതായ യുവാവിനെ കൊന്നു കുഴിച്ചുമൂടി; 2 സുഹൃത്തുക്കൾ കോഴിക്കോട് അറസ്റ്റിൽ
Kozhikode Vijil Missing Case; ലഹരിമരുന്ന് അമിതമായ അളവിൽ കുത്തിവച്ചതിനെത്തുടർന്നു മരിച്ച യുവാവിനെ നഗരത്തിലെ സരോവരം ഭാഗത്ത് കുഴിച്ചിട്ടുവെന്നാണ് വിവരം. നിലവിൽ ഇവർ പോലീസ് കസ്റ്റഡിയിലാണ്. എന്നാൽ സംഭവത്തിൽ മറ്റൊരാളെ കൂടി കണ്ടെത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്.

പ്രതീകാത്മക ചിത്രം
കോഴിക്കോട്: 2019 ൽ കോഴിക്കോട് നിന്ന് കാണാതായ ചുങ്കം വെസ്റ്റ്ഹിൽ സ്വദേശിയായ വിജിൽ എന്ന യുവാവിൻ്റെ കേസിൽ നിർണായ തെളിവ് പുറത്ത്. കേസുമായി ബന്ധപ്പെട്ട് വിജിലിൻ്റെ സുഹൃത്തുക്കളായ രണ്ടു പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ കെ കെ നിഖിൽ (35), ദീപേഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
വിജിലിനെ കുഴിച്ചുമൂടിയെന്നാണ് ഇരുവരും പോലീസിന് നൽകിയ മൊഴി. ലഹരിമരുന്ന് അമിതമായ അളവിൽ കുത്തിവച്ചതിനെത്തുടർന്നു മരിച്ച യുവാവിനെ നഗരത്തിലെ സരോവരം ഭാഗത്ത് കുഴിച്ചിട്ടുവെന്നാണ് വിവരം. നിലവിൽ ഇവർ പോലീസ് കസ്റ്റഡിയിലാണ്. എന്നാൽ സംഭവത്തിൽ മറ്റൊരാളെ കൂടി കണ്ടെത്താനുണ്ടെന്നാണ് പോലീസ് പറയുന്നത്.
2019 മാർച്ച് 17നാണ് വിജിലിനെ കാണാതാകുന്നത്. വീട്ടിൽ നിന്ന് ബൈക്കിൽ പുറത്തേക്ക പോയ വിജിലിനെ പിന്നീട് ആരും കണ്ടിട്ടില്ല. നിലവിൽ കേസിൽ ഒന്നാം പ്രതിയായ നിഖിലിനൊപ്പമാണ് അന്ന് വിജിൽ ബൈക്കിൽ പോയത്. ഈ വിവരം അന്നു തന്നെ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ വിജിലിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇയാൾക്കുമേൽ യാതൊരു തെളിവും കണ്ടെത്താനായില്ല.
പിന്നീടാണ് ഇയാൾ ഉൾപ്പെടെ ചില സുഹൃത്തുക്കൾക്ക് വിജിലിൻ്റെ തിരോധാനത്തിൽ പങ്കുണ്ടെന്ന ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ഇപ്പോൾ പിടികൂടിയത്. രഞ്ജിത്ത് എന്ന മറ്റൊരു യുവാവിനെയാണ് ഇനി പിടികൂടാനുള്ളത്. ബ്രൗൺഷുഗർ അമിതമായ തോതിൽ പ്രതികൾ കുത്തിവച്ചതിനെത്തുടർന്നാണ് വിജിൽ മരിച്ചത്. തുടർന്ന് മൂവരും ചേർന്ന് വിജിലിന്റെ മൃതശരീരം ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തിയെന്നാണ് ഇവർ നൽകുന്ന മൊഴി.
ലഹരിമരുന്ന് കുത്തിവച്ചതിനെതുടർന്ന് ബോധം നഷ്ടമായ വിജിലിനെ പ്രതികൾ തട്ടിവിളിച്ചെങ്കിലും കണ്ണുതുറന്നില്ല. അപ്പോൾ സ്ഥലത്ത് ഉപേക്ഷിച്ച് പോയെങ്കിലും രണ്ടു ദിവസത്തിന് ശേഷമാണ് വീണ്ടും സ്ഥലത്തെത്തി വിജിലിനെ കുഴിച്ചുമൂടിയത്. കൊലപ്പെടുത്തണമെന്ന് കരുതിയല്ല ചെയ്തതെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.