Viral Video: ‘പേടിക്കേണ്ടത് അവരെ! ഞാൻ പ്രതികരിച്ചോ ഇല്ലയോ എന്ന് നിങ്ങൾ കണ്ടോ?’ ബസിലെ ദുരനുഭവം പങ്കുവച്ച യുവതി
KSRTC bus Assualt :യുവതി റീച്ചുണ്ടാക്കാനായി കാട്ടിയ പരിപാടിയെന്നാണ് ആരോപണം. റീച്ചാകാന്‍ മനപൂര്‍വ്വം വീഡിയോ ഇട്ടതാണെന്നും വിമർശനം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരിച്ച് യുവതി രംഗത്ത് എത്തിയത്.
കെ.എസ്.ആര്‍.ടി.സി ബസിൽ തനിക്ക് നേരെയുണ്ടായ ദുരനുഭവം പങ്കുവച്ചതിനു പിന്നാലെയുണ്ടായ സൈബര്‍ ആക്രമണത്തിൽ പ്രതികരിച്ച് യുവതി. ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ച പെൺകുട്ടികൾക്ക് മാത്രമേ ഇക്കാര്യം മനസിലാകുമെന്നും തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണ് താൻ വീഡിയോയിൽ കാണിച്ചതെന്നും യുവതി പറയുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു യുവതിയുടെ പ്രതികരണം.
തനിക്കെതിരെ റിയാക്ഷൻ വിഡിയോ ചെയ്തവരെയും യുവതി കുറ്റപ്പെടുത്തുന്നുണ്ട്. അവരാരും ഒരിക്കൽ പോലും ആ വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് തന്നോട് ചോദിച്ചില്ലെന്നും കാരണം അവർക്ക് കണ്ടന്റ് വേണമെന്നും യുവതി ആരോപിക്കുന്നു. താൻ കാണിച്ച കുറച്ച് സെക്കൻഡ് വീഡിയോ മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളുവെന്നും താൻ പ്രതികരിച്ചോ ഇല്ലയോ എന്ന് നിങ്ങൾ കണ്ടോ എന്നും യുവതി ചോദിക്കുന്നു. അയാൾക്ക് കൊടുക്കേണ്ട മറുപടി അവിടെ വച്ച് തന്നെ താൻ കൊടുത്തിട്ടുണ്ടെന്നും യുവതി വീഡിയോയിൽ പറയുന്നു. തന്റെ കമന്റ് ബോക്സിലുള്ളവരാണ് ഏറ്റവും വലിയ ക്രിമിനലുകൾ എന്നും അവരെയാണ് നമ്മൾ പേടിക്കേണ്ടതെന്നും യുവതി പറയുന്നു.
കഴിഞ്ഞ ദിവസമാണ് കൊട്ടാരക്കര – കൊല്ലം യാത്രക്കിടെ കെ.എസ്.ആര്‍.ടി.സി ബസിലുണ്ടായ ദുരനുഭവം യുവതി പങ്കുവച്ചത്. 40-50നും ഇടയില്‍ പ്രായം തോന്നിക്കുന്ന ഒരു വ്യക്തി ബസില്‍ മറ്റ് സീറ്റുകള്‍ ഉണ്ടായിട്ടും തന്‍റെ അടുത്ത് വന്ന് ഇരിക്കുകയായിരുന്നെന്നും കൈമുട്ട് ഉപയോഗിച്ച് ശരീരത്തില്‍ തൊടാനും മുട്ടിയുരുമ്മി ഇരിക്കാനും ശ്രമിച്ചെന്നാണ് യുവതി പറയുന്നത്.എന്നാൽ ഇതിനു പിന്നാലെ വ്യാപക വിമർശനമാണ് ഉയർന്നത്. യുവതി റീച്ചുണ്ടാക്കാനായി കാട്ടിയ പരിപാടിയെന്നാണ് ആരോപണം. റീച്ചാകാന്‍ മനപൂര്‍വ്വം വീഡിയോ ഇട്ടതാണെന്നും ഇതിനായി അയാള്‍ തൊടണമെന്ന് യുവതി ആഗ്രഹിച്ചിരുന്നെന്നും വരെ കമന്‍റിട്ടു .