KSRTC Superfast Premium: കെഎസ്ആര്‍ടിസി ഇനി പറപറക്കും, പ്രീമിയം ലുക്കില്‍ കൂടുതല്‍ സൂപ്പര്‍ഫാസ്റ്റുകള്‍ വരുന്നു; സ്റ്റോപ്പ് കുറവ്, ചാര്‍ജ് കൂടുതല്‍
KSRTC Superfast Premium Expansion: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസിലേക്ക് കൂടുതല്‍ ബസുകള്‍ വരുന്നു. 200 പുതിയ ബസുകളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും, 60 ബസുകള്‍ റോഡിലേക്ക് ഇറങ്ങിക്കഴിഞ്ഞെന്നും മന്ത്രി

KSRTC Superfast Premium
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസിലേക്ക് കൂടുതല്‍ ബസുകളെത്തും. 200 പുതിയ ബസുകളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്നും, 60 ബസുകള്‍ റോഡിലേക്ക് ഇറങ്ങിക്കഴിഞ്ഞെന്നും ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കി. ബാക്കിയുള്ള ബസുകള്‍ വന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ മന്ത്രി കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസുകളെക്കുറിച്ച് വിശദീകരിച്ചു.
കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനാണ് വീഡിയോ ചെയ്യുന്നതെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. 1994 ലാണ് ആദ്യമായി സൂപ്പര്‍ഫാസ്റ്റ് എന്ന ജനകീയ സര്‍വീസ് കെഎസ്ആര്‍ടിസി ആരംഭിക്കുന്നത്. ഏറ്റവും കുറച്ച് സ്റ്റോപ്പുകളില്‍ നിര്‍ത്തി, ഏറ്റവും വേഗത്തില്‍ യാത്രക്കാരെ എത്തിക്കേണ്ട സ്ഥലങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു.
പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ കാലാകാലങ്ങളില്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിക്കൊണ്ട് കൂടുതല്‍ സ്റ്റോപ്പുകളില്‍ സൂപ്പര്‍ഫാസ്റ്റ് നിര്‍ത്താന്‍ തുടങ്ങി. സാധാരണ ഒരു ഫാസ്റ്റ് പാസഞ്ചര്‍ എന്ന നിലയിലേക്ക് സൂപ്പര്‍ഫാസ്റ്റിനെ തരംതാഴ്ത്തി കൊണ്ടുവന്നു. യാത്രക്കാര്‍ക്ക് അത് വലിയ ബുദ്ധിമുട്ടായി മാറി. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് സൂപ്പര്‍ഫാസ്റ്റിന്റെ പഴയ പ്രൗഢി വീണ്ടെടുക്കുന്നതിനാണ് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എന്ന പുതിയ സര്‍വീസ് ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
സ്റ്റോപ്പുകളും, ടിക്കറ്റ് നിരക്കും
അനാവശ്യ സ്‌റ്റോപ്പുകള്‍ ഒഴിവാക്കുക, ആവശ്യമില്ലാത്ത ബസ് സ്റ്റേഷനുകള്‍ കയറിയിറങ്ങാതിരിക്കുക തുടങ്ങിയവയാണ് ഈ 200 ബസുകളുടെയും പ്രത്യേകതകള്‍. എന്നാല്‍ ആവശ്യമില്ലാത്ത ബസ് സ്റ്റേഷനുകളുടെ പുറത്തു നിര്‍ത്തി ആളെയെടുക്കും. റിസര്‍വേഷനിലും ആളെയെടുക്കും. എന്‍എച്ചില്‍ തിരുവനന്തപുരത്തുനിന്ന് വടക്കന്‍ ജില്ലകളിലേക്ക് ഏതാണ്ട് 107 സ്റ്റോപ്പുകളാണ് ഉള്ളത്. ഈ 107 സ്റ്റോപ്പിനെ കുറച്ച് 44 ആക്കി. എംസി റോഡില്‍ കോഴിക്കോട് വരെയെത്തുന്നതിന് മുമ്പ് 108 സ്റ്റോപ്പുകളാണ് ഒരു ബസിനുണ്ടായിരുന്നത്. അത് 46 ആയി കുറച്ചെന്നും മന്ത്രി വിശദീകരിച്ചു.
Also Read: KSRTC: ടിക്കറ്റ് വരുമാനത്തിൽ ചരിത്രത്തിലാദ്യമായി 10 കോടി ക്ലബിൽ; കെഎസ്ആർടിസി പഴയ കെഎസ്ആർടിസിയല്ല
ചില സ്ഥലങ്ങളില്‍ ബസ് മനപ്പൂര്‍വം താമസിപ്പിച്ച് വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സ്‌റ്റോപ്പ് കുറയ്ക്കുമ്പോള്‍ വണ്ടി നേരത്തെയെത്തും. അത് യാത്രക്കാര്‍ക്ക് വേണ്ടിയാണ്. എന്നാല്‍ നേരത്തെയെത്തുന്നത് ഒരു കുറ്റകൃത്യമായി കാണാന്‍ പാടില്ല. സാധാരണ സൂപ്പര്‍ഫാസ്റ്റിനെക്കാള്‍ അഞ്ച് ശതമാനം ചാര്‍ജ് കൂടുതലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.