KSRTC Driving School: മാവേലിക്കരയില്‍ ഇനി കെഎസ്ആര്‍ടിസിയുടെ അത്യാധുനിക ഡ്രൈവിങ് സ്‌കൂളും, ടെസ്റ്റിങ് ഗ്രൗണ്ടും; ഉദ്ഘാടനം നാളെ
KSRTC Driving School Mavelikara: വലിയ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, നാലുചക്രവാഹനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക സ്ഥലങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പരിശീലകര്‍ക്കുള്ള വിശ്രമമുറി, ശൗചാലയങ്ങള്‍, ഡെമോണ്‍സ്‌ട്രേഷന്‍ മുറി, ഫ്രണ്ട് ഓഫീസ് തുടങ്ങിയവയും ഒരുക്കി
മാവേലിക്കര: കെഎസ്ആര്‍ടിസിയുടെ 18-ാമത് ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനം നാളെ മാവേലിക്കരയില്‍ നടക്കും. ഗതാഗതവകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. എംഎല്‍എ എംഎസ് അരുണ്‍കുമാറിന്റെ പ്രാദേശിക വികസന പദ്ധതിപ്രകാരം നിര്‍മിച്ച ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. നാളെ വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടനം. എംഎസ് അരുണ്‍കുമാര്‍ അധ്യക്ഷത വഹിക്കും. കെഎസ്ആർടിസിയുടെ മാവേലിക്കര റീജിയണൽ വർക്ക്ഷോപ്പിലാണ് ഡ്രൈവിങ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്.
ഇതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് മാവേലിക്കരയില്‍ സ്ഥിരം സംവിധാനം ഒരുങ്ങി. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ ചെലവഴിച്ചാണ് ടെസ്റ്റ് ഗ്രൗണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റീജിയണൽ വർക്ക്ഷോപ്പ് വളപ്പിലെ 55 സെന്റ് ഭൂമിയിലാണ് ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്.
വലിയ വാഹനങ്ങള്‍, ഇരുചക്രവാഹനങ്ങള്‍, നാലുചക്രവാഹനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക സ്ഥലങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. പരിശീലകര്‍ക്കുള്ള വിശ്രമമുറി, ശൗചാലയങ്ങള്‍, ഡെമോണ്‍സ്‌ട്രേഷന്‍ മുറി, ഫ്രണ്ട് ഓഫീസ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. മാവേലിക്കര ജോയിന്റ് ആർടി ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന റോഡ് സേഫ്റ്റ് കേഡറ്റ്, ഡ്രൈവ് എവേ ഫ്രം ഡ്രഗ്സ്, രക്ഷാകർത്താവ് സുരക്ഷാകർത്താവ് എന്നീ പദ്ധതികളും മന്ത്രി ഉദ്ഘാടനം ചെയ്യും.




നിരക്കുകള്‍ ഇങ്ങനെ
ജനറല്‍ വിഭാഗത്തിന്
- ഇരുചക്രവാഹനങ്ങള്‍: 3500
- നാലുചക്രവാഹനങ്ങള്‍, വലിയ വാഹനങ്ങള്‍: 9000
- നാലുചക്ര, ഇരുചക്ര വാഹനങ്ങള്‍ ഒരുമിച്ച്: 11000
പട്ടികജാതി വിഭാഗക്കാർക്ക്
- ഇരുചക്രവാഹനങ്ങള്‍: 2800
- നാലുചക്രവാഹനങ്ങള്‍, വലിയ വാഹനങ്ങള്‍: 7200
- നാലുചക്ര, ഇരുചക്ര വാഹനങ്ങള്‍ ഒരുമിച്ച്: 8800