Kerala Ship Accident: എംഎസ്‌സി എൽസ 3 കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ, നടപടി പാരിസ്ഥിതിക ആഘാതം പരിഗണിച്ച്
Kerala MSC ELSA 3 ship accident: സാമ്പത്തിക, പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് എംഎസ്‌സി എൽസ 3 മറിഞ്ഞുണ്ടായ അപകടം സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം
തിരുവനന്തപുരം: കേരള തീരത്തോട് ചേര്‍ന്ന് കപ്പല്‍ മറിഞ്ഞുണ്ടായ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. സാമ്പത്തിക, പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് എംഎസ്‌സി എൽസ 3 മറിഞ്ഞുണ്ടായ അപകടം സംസ്ഥാനം പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കപ്പല്‍ മറിഞ്ഞതിനെ തുടര്‍ന്ന് കടലിലേക്ക് വീണ കണ്ടെയ്‌നറുകളിലെ കെമിക്കല്‍ വസ്തുക്കള്‍ പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്നുവെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ 24ന് തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെയാണ് എംഎസ്‌സി എല്‍സ 3 കപ്പല്‍ മുങ്ങിയത്. കപ്പലിലെ ജീവനക്കാരെ രക്ഷിച്ചിരുന്നു. അപകടരമായ വസ്തുക്കള്‍ കടലിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ യോഗത്തില്‍ ചേര്‍ന്ന യോഗം സാഹചര്യം വിലയിരുത്തിയിരുന്നു.
643 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 73 കണ്ടെയ്‌നറുകളും കാലിയാണ്. 13 കണ്ടെയ്‌നറുകളിലാണ് അപകടകരമായ വസ്തുക്കള്‍ ഉണ്ടായിരുന്നത്. കാത്സ്യം കാര്‍ബൈഡ് അടക്കമുള്ള വസ്തുക്കള്‍ അടങ്ങിയ കാര്‍ഗോയാണ് കപ്പലിലേക്ക് മറിഞ്ഞത്.




ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളിലാണ് കണ്ടെയ്‌നറുകള്‍ വന്നടിഞ്ഞത്. ജനങ്ങള്‍ ഇതിന് അടുത്തേക്ക് പോകരുതെന്നും, തൊടരുതെന്നുമാണ് മുന്നറിയിപ്പ്. ടയർ 2, ഇൻസിഡന്റ് വിഭാഗത്തിലുള്ള ദുരന്തമാണിത്. എണ്ണപ്പാട പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
കപ്പല്‍ അപകടത്തില്‍പെട്ട സ്ഥലത്തുനിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനം വിലക്കിയിരുന്നു. എണ്ണപ്പാട നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. കണ്ടെയ്‌നറുകള്‍ പുറത്തെത്തിക്കാനാണ് ശ്രമം.
പ്രത്യേക ദുരന്തം-പ്രയോജനങ്ങള്‍
അപകടം പ്രത്യേക ദുരന്തമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കൂടുതല്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതിന് സഹായകരമാകും.കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ആവശ്യപ്പെടാനും ഇത് സഹായകരമാകും. പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചത് സംബന്ധിച്ച് റവന്യൂ സെക്രട്ടറി ഉത്തരവിറക്കി. ഇതുപ്രകാരം ഇനി ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികളെടുക്കും.