Kooriyad-NH66: കൂരിയാട് ഭാഗത്ത് വീണ്ടും ദേശീയപാതയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു; റോഡിൽ വിള്ളൽ
Malappuram Kooriyad National Highway: പ്രദേശത്തുണ്ടായ കനത്ത മഴയ്ക്കിടെയാണ് സംഭവം. സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂർണമായും പൊളിഞ്ഞ് സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാർശ്വഭിത്തിയിലെ സിമൻറ് കട്ടകളാണ് തകർന്നു വീണത്. പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ സർവീസ് റോഡിനു വിള്ളൽ കണ്ടെത്തിയിട്ടുണ്ട്.
മലപ്പുറം: കൂരിയാട് ദേശീയപാതയിൽ (Kooriyad National Highway) വീണ്ടും സംരക്ഷണ ഭിത്തി തകർന്നതായി റിപ്പോർട്ട്. ദേശീയപാതയുടെ ഭാഗമായുള്ള സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗമാണ് തകർന്നിരിക്കുന്നത്. നേരത്തേ വലിയരീതിയിൽ തകർച്ചയുണ്ടായ സ്ഥലത്തിന് സമീപത്താണ് ഇപ്പോൾ സംരക്ഷണ ഭിത്തി പൊളിഞ്ഞത്.
പ്രദേശത്തുണ്ടായ കനത്ത മഴയ്ക്കിടെയാണ് സംഭവം. സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂർണമായും പൊളിഞ്ഞ് സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാർശ്വഭിത്തിയിലെ സിമൻറ് കട്ടകളാണ് തകർന്നു വീണത്. പ്രദേശത്ത് കൂടുതൽ സ്ഥലങ്ങളിൽ സർവീസ് റോഡിനു വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. കനത്ത മഴ തുടരുന്നതിനാൽ റോഡിന് വശത്തുള്ള വയലുകളിൽ വെള്ളം കയറിയിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ ശക്തമായിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ മരം വീണ് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നദീ തീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൻറെ ചുറ്റുമതിൽ ഭാഗം കനത്ത മഴയെ തുടർന്ന് തകർന്നു വീണു.
വടക്കൻ കേരളത്തിൽ ശക്തമായ കാറ്റും മഴയും വ്യാപക നാശനഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. കോഴിക്കോടും കണ്ണൂരും പാലക്കാടും മലപ്പുറത്തുമായി വിവിധയിടങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു. കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂരിലും കാസർകോട്ടും റെഡ് അലർട്ടും മറ്റെല്ലാ വടക്കൻ ജില്ലകളിലും ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.