Arjun Family: ‘തെറ്റിദ്ധാരണകളും പ്രശ്‌നങ്ങളും പറഞ്ഞു തീര്‍ത്തു’; അര്‍ജുന്റെ കുടുംബത്തെ കണ്ട് മനാഫ്
Manaf and Arjun's family Disagreement Resolved:തങ്ങൾ എന്നും ഒരു കുടുംബം തന്നെയാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നാണ് മനാഫ് പറഞ്ഞത്. തന്നെ വർഗീയ വാദിയായി ചിത്രീകരിക്കുന്നതിൽ വിഷമമുണ്ടെന്നും ജിതിൻ പറഞ്ഞു.
കോഴിക്കോട്: വിവാദങ്ങൾക്കും ചർച്ചകൾക്കും വിരാമമിട്ട് അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും. കഴിഞ്ഞ ദിവസം അർജുന്റെ കുടുംബത്തെ നേരിട്ട് കണ്ട് ലോറി ഉടമ മനാഫ്. കണ്ണാടിക്കലിലെ അർജുന്റെ വീട്ടിലെത്തിയാണ് മനാഫ് കൂടിക്കാഴ്ച നടത്തിയത്. ലോറി ഉടമ മനാഫ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഇരു കുടുംബങ്ങളും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളുള്ളത്. തെറ്റിദ്ധാരണകൾ മാറിയെന്നും പ്രശ്നങ്ങൾ പറഞ്ഞുതീർത്തുവെന്നും ഇരുകൂട്ടരും പറഞ്ഞു. പറയാനുദ്ദേശിച്ച കാര്യങ്ങളല്ല ആളുകൾ മനസിലാക്കിയതെന്ന് ജിതിൻ ചൂണ്ടിക്കാട്ടി. തങ്ങൾ എന്നും ഒരു കുടുംബം തന്നെയാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നാണ് മനാഫ് പറഞ്ഞത്. തന്നെ വർഗീയ വാദിയായി ചിത്രീകരിക്കുന്നതിൽ വിഷമമുണ്ടെന്നും ജിതിൻ പറഞ്ഞു. മനാഫ് സഹോദരൻ മുബീൻ, അർജുന്റെ സഹോദരൻ അഭിജിത്, ജിതിൻ എന്നിവരാണ് ഒരുമിച്ചിരുന്നു സംസാരിച്ചത്.
അർജുന്റെ സംസ്കാരത്തിന് പിന്നാലെ അർജുന്റെ കുടുംബം മനാഫിനെതിരെ രംഗത്ത് എത്തിയിരുന്നു. കുടുംബത്തിന്റെ വൈകാരികതയെ മനാഫ് ചൂഷണം ചെയ്യുന്നുവെന്ന് പറഞ്ഞ് അർജുന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു . മനാഫിന്റെ അനുജൻ മുബീൻ ആണ് ലോറി ഉടമ. എന്നാൽ, മറ്റു ചില വ്യക്തികൾ വൈകാരികമായി അർജുനെ മാർക്കറ്റ് ചെയ്യുന്നു. ഫണ്ട് പിരിവ് നടത്തുന്നു. ഇപ്പോൾ അതിരൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണ് കുടുംബമെന്നും ജിതിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുടുംബത്തിനായി പല കോണുകളിൽ നിന്നും പണം പിരിക്കുന്നു. ഇത് കുടുംബം അറിഞ്ഞിട്ടില്ല. ഞങ്ങൾക്ക് ആ പണം ആവശ്യമില്ല. അർജുന് 75,000 രൂപ ശമ്പളം ഉണ്ടായിരുന്നുവെന്ന് പറഞ്ഞുപരത്തുന്നു. ഇതിന്റെ പേരിൽ കുടുംബത്തിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. നാലാമത്തെ മകനായി അർജുന്റെ മകനെ വളർത്തുമെന്ന് മനാഫ് പറഞ്ഞതും വേദനിപ്പിച്ചുവെന്നും. മനാഫും ഈശ്വർ മാൽപെയും ചേർന്ന് നടത്തിയത് നാടക പരമ്പരയാണ്. അവരുടെ യുട്യൂബ് ചാനലിന് വരിക്കാരെ കൂട്ടാൻ നാടകം കളിക്കുകയായിരുന്നുവെന്നുമാണ് അന്ന് വാർത്ത സമ്മേളനത്തിൽ സഹോദരി ഭർത്താവ് പറഞ്ഞത്.
ഇതിനു പിന്നാലെ സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നതിന്റെ പേരിൽ അർജുന്റെ കുടുംബം പരാതി നൽകിയിരുന്നു. കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. അതേസമയം അർജുന്റെ കുടുംബത്തിൻ്റെ പരാതിയിലെടുത്ത കേസിൽ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്ഐആറിൽ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്.