5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

M V Govindhan: ‘ഉമ്മൻ ചാണ്ടി അടക്കം പലരുടെയും പേരിൽ കേസുണ്ടായി, അവരൊന്നും രാജിവെച്ചില്ല’; പ്രതികരണവുമായി എം വി ഗോവിന്ദൻ

ധാർമ്മികതയുടെ പേരിൽ രാജി വെച്ചതിനു ശേഷം കുറ്റം ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാൽ തിരഞ്ഞെടുപ്പ് നിയമ പ്രകാരം അദ്ദേഹത്തെ തിരിച്ച് എംഎൽഎ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സാധിക്കുമോ?

M V Govindhan: ‘ഉമ്മൻ ചാണ്ടി അടക്കം പലരുടെയും പേരിൽ കേസുണ്ടായി, അവരൊന്നും രാജിവെച്ചില്ല’; പ്രതികരണവുമായി എം വി ഗോവിന്ദൻ
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (Image Courtesy: M V Govindhan’s Facebook)
nandha-das
Nandha Das | Updated On: 31 Aug 2024 20:13 PM

കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മുകേഷ് കുറ്റാരോപിതനായ ഒരാളാണ്. കുറ്റം ആരോപിക്കപ്പെടുന്ന സന്ദർഭത്തിൽ രാജി വെക്കാൻ ആവശ്യപ്പെടുന്നത് നീതി നിഷേധമാണ്. ധാർമ്മികതയുടെ പേരിൽ രാജി വെച്ചതിനു ശേഷം  കുറ്റം ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാൽ തിരഞ്ഞെടുപ്പ് നിയമ പ്രകാരം അദ്ദേഹത്തെ തിരിച്ച് എംഎൽഎ സ്ഥാനത്തേക്ക് കൊണ്ടുവരാൻ സാധിക്കുമോ’ എന്ന് എം വി ഗോവിന്ദൻ മാധ്യമങ്ങളോട് ചോദിച്ചു. സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളിൽ രാജ്യത്ത് 135 എംഎൽഎമാരും 16 എംപിമാരും പ്രതികളാണ്. എന്നാൽ അവരാരും രാജിവെച്ചിട്ടില്ലായെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ALSO READ: ടി പി രാമകൃഷ്ണൻ പുതിയ എൽഡിഎഫ് കൺവീനർ; ഇപിയുടെ രാജി സംഘടനാ നടപടിയല്ലെന്നും എംവി ഗോവിന്ദൻ

‘ഇന്ത്യയിൽ ഇതാദ്യമായാണ് ഹേമ കമ്മിറ്റി പോലൊരു സംവിധാനം കൊണ്ടുവരുന്നത്. ഇത് ജുഡീഷ്യൽ കമ്മീഷനല്ല. ഹേമ കമ്മിറ്റി നൽകിയ ശുപാർശ ഏറ്റെടുത്ത് നടപ്പിലാക്കുക എന്ന ഉത്തരവാദിത്തമാണ് സർക്കാരിനുള്ളത്. അത് സർക്കാർ ചെയ്യുന്നുണ്ട്. സിനിമാ രംഗത്ത് ഇന്റേണൽസ് കംപ്ലെയ്ന്റ് കമ്മിറ്റി ആദ്യം രൂപീകരിച്ചത് കേരളത്തിലാണ്. സിനിമാ നയ രൂപീകരണത്തിന് ഷാജി എം കരുണിന്റെ നേതൃത്വത്തിൽ സർക്കാർ ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ട്. സിനിമാ കോൺക്ലേവിന് എതിർ നിലപാടുകളുമുണ്ട്. എല്ലാവരുമായി ചർച്ച ചെയ്ത് കോൺക്ലേവ് സംഘടിപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെ നിലപാട്. നിയമനിർമ്മാണവും ട്രിബ്യൂണലും അനിവാര്യമാണ്. ജസ്റ്റിസ് ഹേമ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് വിവരാവകാശ കമ്മീഷൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നത്. റിപ്പോർട്ടിൽ വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന പരാമർശങ്ങൾ ഉണ്ടായിരുന്നു. അതിനാലാണ് അത് പുറത്ത് വിടാതിരുന്നത്’ എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഒരു അമാന്തവും കാണിച്ചിട്ടില്ല. ഭരണകക്ഷി എംഎൽഎക്കെതിരെ പോലും കേസെടുക്കാൻ തയ്യാറായി. ഇത് രാജ്യത്തിന് തന്നെ ഒരു മാതൃകയാണ്. ഗുസ്തി താരങ്ങളുടെ പരാതിയിൽ കേന്ദ്രസർക്കാർ സ്വീകരിച്ച നിലപാട് എല്ലാവർക്കും അറിയാവുന്നതാണ്. മുകേഷ് രാജിവെക്കണമെന്ന നിലയിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. ഇതേ സംബന്ധിച്ച് പാർട്ടിയിൽ വിശദമായ ചർച്ച നടത്തി. ഉമ്മൻചാണ്ടി അടക്കം നിരവധി നേതാക്കളുടെ പേരിൽ മുൻപ് കേസുകൾ വന്നിട്ടുണ്ട്. അവരാരും രാജി വച്ചിട്ടില്ല. മന്ത്രിമാരെ പോലെ എക്സിക്യൂട്ടീവ് പദവിയിലിരിക്കുന്നവരാണെങ്കിൽ മാറ്റി നിർത്താൻ സാധിക്കും. എന്നാൽ കുറ്റം ആരാപിക്കപ്പെട്ട എംഎൽഎ രാജി വച്ചശേഷം നിരപരാധിത്വം തെളിഞ്ഞാൽ തിരിച്ച് വരവ് സാധ്യമല്ല. എങ്കിലും സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കും. കേസ് അന്വേഷണത്തിൽ എംഎൽഎ എന്ന ഒരു പരിഗണനയും അനൂകൂല്യവും മുകേഷിന് നൽകില്ല.നിഷ്പക്ഷവും സ്വന്ത്രവുമായ അന്വേഷണം നടക്കണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും’ അദ്ദേഹം വ്യക്തമാക്കി.

‘സിപിഎമ്മിൽ പവർ ഗ്രൂപ്പുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചിരുന്നു. എന്നാൽ എഐസിസി അംഗം സിമി റോസ്‌ബെൽ പറയുന്നത് കോൺഗ്രസിൽ നിൽക്കാനുള്ള യോഗ്യത നേതാക്കളുമായുള്ള ബന്ധമാണെന്നാണ്. അവസരം കിട്ടാൻ ചൂഷണത്തിന് നിന്നുകൊടുക്കണമെന്നും പ്രീതിപ്പെടുത്താൻ നിന്നുകൊടുക്കാത്തതിനാൽ പ്രതിപക്ഷ നേതാവിൻ്റെ ഗുഡ് ബുക്കിൽ ഇടം ലഭിച്ചില്ലെന്നടക്കം അവർ പറഞ്ഞിരുന്നു. കോൺഗ്രസിൽ ലിംഗ വിവേചനമുണ്ടെന്നും പവർ ഗ്രൂപ്പുണ്ടെന്നും സിമി റോസ്ബെല്ലിൻ്റെ അഭിമുഖത്തിൽ പറയുന്നു. കോൺഗ്രസിൽ പവർ ഗ്രൂപ്പ് ഉള്ളതിനാലാണ് അവർക്ക് ഇതേക്കുറിച്ചെല്ലാം അറിയുന്നത്. ആ അഭിമുഖം കണ്ട ശേഷം വിഡി സതീശൻ പവർ ഗ്രൂപ്പിനെ കുറിച്ച് പ്രതികരിക്കണമെന്നും’ എം വി ഗോവിന്ദൻ പറഞ്ഞു.

 

Latest News