Malappuram Nation Highway Crack: മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളൽ; ഓവുപാലം താഴ്ന്നു, ഗതാഗതം നിര്‍ത്തിവെച്ചു
Malappuram National Highway Crack: സംസ്ഥാനത്തെ പുതിയ പാതയിൽ സംഭവിക്കുന്നത് ഗൗരവമുള്ള വിഷയങ്ങൾ ആന്നെനും പരിശോധനകൾ നടത്തി ഉടൻ പരിഹാരം കാണണമെന്നും സ്ഥലം സന്ദർശിച്ച പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു.
കോഴിക്കോട്: മലപ്പുറം ദേശീയ പാതയിൽ വീണ്ടും വിള്ളൽ. തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയിൽ വികെ പടി വലിയപറമ്പിലെ ദേശീയ പാതയിലാണ് വിള്ളൽ കണ്ടെത്തിയത്. കൂടാതെ, അവിടുത്തെ ഓവുപാലം താഴുകയും ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന് ഈ വഴിയുള്ള ഗതാഗതം നിർത്തിവെച്ചു. സംഭവത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ സ്ഥലെത്തി പ്രതിഷേധിച്ചു.
മലപ്പുറം ജില്ലയിലെ തലപ്പാറയ്ക്കും കൊളപ്പുറത്തിനും ഇടയിൽ വികെ പടി വലിയപറമ്പിൽ, ദേശീയപാത ആറുവരി ആക്കുന്നതിന്റെ ഭാഗമായി മണ്ണിട്ടുയർത്തിയ ഭാഗത്തുള്ള ഭിത്തിയിലെ കട്ടകളിൽ ആണ് വിള്ളൽ കണ്ടെത്തിയത്. ഇവിടെ ദേശീയ പാതയ്ക്ക് കുറുകെയുള്ള ഓവുപാലവും അപകടകരമായ രീതിയിൽ താഴ്ന്നിട്ടുണ്ട്. ഇതോടെ സുരക്ഷാ ഭീഷണിയെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിർത്തിവെച്ചു. നേരത്തെ ദേശീയപാത തകർന്ന് വീണ് വലിയ വിവാദമായ കൂരിയാട് ഭാഗത്ത് നിന്ന് മൂന്ന് കിലോമീറ്റർ മാത്രം ദൂരത്തിലാണ് ഇപ്പോൾ വിള്ളൽ കണ്ടെത്തിയ ഭാഗം സ്ഥിതി ചെയ്യുന്നത്.
വലിയപറമ്പിലെ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയ സ്ഥലത്ത് യൂത്ത് ലീഗ് പ്രവർത്തകർ എത്തി പ്രതിഷേധിച്ചു. സംസ്ഥാനത്തെ പുതിയ പാതയിൽ സംഭവിക്കുന്നത് ഗൗരവമുള്ള വിഷയങ്ങൾ ആണെന്നും പരിശോധനകൾ നടത്തി ഉടൻ പരിഹാരം കാണണമെന്നും സ്ഥലം സന്ദർശിച്ച പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ഭയമില്ലാതെ സഞ്ചരിക്കാനുള്ള സാഹചര്യം ഉണ്ടാക്കാൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും ഇക്കാര്യത്തിൽ നടപടി വൈകിയാൽ പ്രതിഷേധങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തുമെന്നും പി കെ കുഞ്ഞാലികുട്ടി വ്യക്തമാക്കി.
ALSO READ: കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ് സത്യമാകുന്നു… ശബരിമലയുടെ കവാടം വരെ ട്രെയിൻ എത്തും
മെയ് 19നാണ് കൂരിയാട് ദേശീയപാതയുടെ ഭാഗം ഇടിഞ്ഞുവീണത്. ദേശീയപാത സർവീസ് റോഡിലേക്ക് വീണതിനെ തുടർന്ന് സർവീസ് റോഡ് ഉൾപ്പടെ തകർന്നിരുന്നു. സംഭവത്തിൽ ദേശീയപാത അതോറിറ്റിയുടെ രണ്ടംഗ സംഘം പരിശോധന നടത്തി ദേശീയപാതാ അതോറിറ്റിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രോജക്ട് സൈറ്റ് എൻജിനിയറെ പിരിച്ചുവിടുകയും അപകടമുണ്ടായ ഭാഗത്തിന്റെ ചുമതല ഉള്ള പ്രോജക്ട് ഡയറക്ടറെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.