5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Marayur Jaggery: ഓണം മധുരമാക്കാൻ മറയൂർ ശർക്കര; 50 കിലോ ചാക്കിന് 4000 രൂപ വരെ

Marayur Jaggery Price: സാധാരണ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ നിറമാണെങ്കിൽ മറയൂർ ശർക്കരയ്ക്ക് കടുത്ത അതിൽ നിന്ന് വ്യത്യസ്തമായി തവിട്ടുനിറമാണ്. ജിഐപദവിയുടെ പേരിൽ മാധ്യമ ശ്രദ്ധ ലഭിച്ചതോടെ മറയൂർ ശർക്കരയുടെ വിൽപനയിൽ വലിയ ഡിമാൻഡ് ആണുള്ളത്.

Marayur Jaggery: ഓണം മധുരമാക്കാൻ മറയൂർ ശർക്കര; 50 കിലോ ചാക്കിന് 4000 രൂപ വരെ
Marayur Jaggery Making.
Follow Us
neethu-vijayan
Neethu Vijayan | Published: 03 Sep 2024 18:33 PM

ഇത്തവണത്തെ ഓണവിപണി (onam) കൈയ്യടക്കാനൊരുങ്ങി മറയൂർ ശർക്കര (Marayur Jaggery). എന്നാൽ ഉത്പാദനം കുറവായതിനാൽ മറയൂർ ശർക്കരയുടെ വില 50 കിലോ ചാക്കിന് 4000 രൂപ വരെ എത്തി നിൽക്കുകയാണ്. സർക്കാർ തലത്തിൽ മറയൂരിൽ നിന്ന് മറയൂർ ശർക്കര സംഭരിക്കുന്നില്ലായെങ്കിലും വിവിധ സംഘടനകളും വ്യക്തികളും മറയൂർ ശർക്കര കേരള വിപണിയിലെത്തിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഉത്പാദനം കുറവായതിനാൽ ശർക്കര ഉത്പാദന കേന്ദ്രങ്ങളിൽ ശർക്കരയ്ക്കായി വ്യാപാരികൾ മത്സരിക്കുകയാണെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്. കഴിഞ്ഞ ഓണസീസണിൽ 3400 രൂപയായിരുന്നു മറയൂർ ശർക്കരയുടെ വില.

ഭൗമസൂചികാപദവി ലഭിച്ചിട്ടും മറയൂർ ശർക്കരയുടെ വിലയുടെ കാര്യത്തിൽ കർഷകന് ഓണക്കാലത്തുമാത്രമാണ് കുറച്ച് പ്രയോജനം ലഭിക്കുന്നത്. തമിഴ്നാട്ടിൽ നിന്നു മറയൂർ വ്യാജ ശർക്കര കേരള വിപണികളിൽ വ്യാപകമായി എത്തുന്നത് ഇതിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഭൗമസൂചികാപദവി ലഭിച്ച മറയൂർ ശർക്കര ഉത്സവസീസണുകളിൽ ന്യായവില നല്കി കർഷകരിൽ നിന്നു സർക്കാർ ഏജൻസികൾ നേരിട്ട് സംഭരിച്ചാൽ യഥാർത്ഥ മറയൂർ ശർക്കര ഉപഭോക്താക്കൾക്ക് കിട്ടുമെന്ന് ഉറപ്പുവരുത്താവുന്നതാണ്.

മറയൂർ ശർക്കരയുടെ പ്രത്യേകത

കേരളത്തിൽ പന്തളം, തിരുവല്ല, മറയൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സാധാരണയായി കരിമ്പ് കൃഷി ചെയ്യുന്നത്. ഇതിൽ മറ്റു പ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി മറയൂർ കാന്തല്ലൂർ പ്രദേശത്ത് വർഷം മുഴുവൻ കൃഷി ചെയ്യുന്നുണ്ട്. അതിനാൽ ഏതു സമയത്തും ഇവിടെ നിന്നു ശർക്കര ലഭിക്കുകയും ചെയ്യും. 900 കർഷകർ 1800 ഏക്കറോളം സ്ഥലത്താണ് കരിമ്പ് കൃഷി ചെയ്യുന്നത്. ജിഐപദവിയുടെ പേരിൽ മാധ്യമ ശ്രദ്ധ ലഭിച്ചതോടെ മറയൂർ ശർക്കരയുടെ വിൽപനയിൽ വലിയ ഡിമാൻഡ് ആണുള്ളത്.

സാധാരണ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ നിറമാണെങ്കിൽ മറയൂർ ശർക്കരയ്ക്ക് കടുത്ത അതിൽ നിന്ന് വ്യത്യസ്തമായി തവിട്ടുനിറമാണ്. സാധാരണ ശർക്കരയിൽ ബ്ലീച്ചിങ് നടത്താനായി ഹൈഡ്രോസ് തുടങ്ങിയ രാസവസ്തു ചേർക്കുന്നുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇതിൽ ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യത കൂടുതലാണ്. മറയൂർ ശർക്കര കൈകൊണ്ട് ഉരുട്ടിയെടുക്കുന്നതിനാൽ ശർക്കരകളിൽ കൈപ്പാട് തെളി‍ഞ്ഞു കാണുകയും ചെയ്യും. അതിനാൽ ഇരുമ്പിന്റെ അംശവും കൂടുതലുള്ളതും കാൽസ്യം കൂടുതലുള്ളതുമാണ്. സോഡിയത്തിന്റെ അളവ് കുറവും കല്ല്, ചെളി മുതലായവ കുറവുമാണ്. മറ്റു ശർക്കരയേക്കാൾ മധുരം കൂടുതലാണ്. എന്നാൽ ഉപ്പിന്റെ അംശം കുറവും.

ALSO READ: കിറ്റില്ല, പക്ഷെ അരിയുണ്ട്; 10 കിലോ അരിയ്ക്ക് 10.90 രൂപ, വിതരണം ഇന്നുമുതല്‍

കരിമ്പ് വെട്ടിയെടുത്ത് ചതച്ച് നീര് എടുത്ത് യന്ത്രത്തിന്റെ സഹായത്തോടെ അതിൻ്റെ നീര് വലിയ ഡ്രമ്മിൽ പകർത്തിവയ്ക്കുന്നു. മുകൾഭാഗത്തെ തെളിഞ്ഞ നീര് ശർക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്കു മാറ്റുകയും കൊപ്ര (ആ നാട്ടിൽ 1000 ലീറ്റർ തിളപ്പിക്കാൻ ഉപയോഗിക്കുന്ന പാത്രത്തെ കൊപ്രയെന്നു വിളിക്കുന്നു) അടുപ്പിൽ വച്ചു ചൂടാക്കുകയും ചെയ്യുന്നു. ചൂടാക്കാനായി കത്തിക്കുന്നത് നീരെടുത്ത ചണ്ടി തന്നെയാണ്. ചൂടായി വരുമ്പോൾ കുറച്ച് കുമ്മായം ചേർക്കും. മുകളിലെ അഴുക്ക് കോരി മാറ്റുന്നു. വെള്ളത്തിന്റെ അംശം മാറുമ്പോൾ മറ്റൊരു പാത്രത്തിലേക്കു കപ്പിയുടെ സഹായത്തോടെ മാറ്റി ചൂടാറുമ്പോൾ കൈകൊണ്ട് ഉരുട്ടിയെടുത്താണ് മറയൂർ ശർക്കര തയ്യാറാക്കുന്നത്

നാടൻ ശർക്കരയുടെ വിപണി

ഓണത്തിന് മധുരം പകരാൻ പത്തനംതിട്ട ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നാടൻ ശർക്കരയും തയ്യാറെടുക്കുന്നുണ്ട്. ഓണമെന്നാൽ ശർക്കരയുടെയും ശർക്കരവരട്ടിയുടെയും കാലംകൂടിയായതിനാൽ ഇവയ്ക്ക് ഡിമാൻഡ് ഏറെയാണ്. ജില്ലയുടെ അഭിമാനമായി നിലനിന്ന്, പിന്നീട് അന്യമായിപ്പോയ കരിമ്പുകൃഷിയും ശർക്കര ഉത്പാദനവും ഇന്ന് തിരിച്ചുവരവിന്റെ പാതയിലെത്തിക്കഴിഞ്ഞു. കരിമ്പ് കർഷകരും ഓണനാളിനെ കാത്തിരിക്കുകയാണ്. 50 ടണ്ണോളം ശർക്കര ഓണത്തിന്‌ വിപണിയിലേക്ക് എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കർഷകർ. വള്ളിക്കോട്, പന്തളം, തിരുവല്ല ഭാഗങ്ങളിലാണ് പ്രധാനമായും ശർക്കര ഉത്പാദനമുള്ളത്.

 

Latest News