Guruvayoor temple: ഗുരുവായൂരപ്പനെ കണ്ട് മുകേഷ് അംബാനി ; ആശുപത്രി നിർമ്മാണത്തിനായി നൽകിയത് 15 കോടി
Mukesh Ambani Offers 15 Crore Donation: ദർശനത്തിന് ശേഷം നടന്ന കൂടിക്കാഴ്ചയിൽ നിർദ്ദിഷ്ട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആദ്യ ഗഡുവായി 15 കോടി രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി.
തൃശ്ശൂർ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ക്ഷേത്രത്തിലെത്തിയ അദ്ദേഹം ഗുരുവായൂരപ്പനെ കണ്ട് തൊഴുത് കാണിക്കയർപ്പിച്ച ശേഷം, ദേവസ്വത്തിൻ്റെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമ്മാണത്തിനായി 15 കോടി രൂപയുടെ ചെക്ക് ആദ്യ ഗഡുവായി കൈമാറി. ഞായറാഴ്ച രാവിലെ ഏകദേശം 7.30-ഓടെയാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗം ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി.
ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു. പൊതു അവധി ദിനത്തിൽ പ്രത്യേക ദർശന നിയന്ത്രണങ്ങളുള്ളതിനാൽ, 25 പേർക്കായി ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചത്. നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുത്, സോപാനപടിയിൽ കാണിക്കയർപ്പിച്ചു. മേൽശാന്തിയിൽ നിന്നും ദേവസ്വം ചെയർമാനിൽ നിന്നും കളഭം, തിരുമുടി മാല, പഴം, പഞ്ചസാര എന്നിവയടങ്ങിയ പ്രസാദങ്ങളും ചുവർചിത്രമുൾപ്പെടെയുള്ള ഉപഹാരങ്ങളും അദ്ദേഹം ഏറ്റുവാങ്ങി.
ആശുപത്രി സഹായവും ആനപരിചരണ വാഗ്ദാനവും
ദർശനത്തിന് ശേഷം നടന്ന കൂടിക്കാഴ്ചയിൽ നിർദ്ദിഷ്ട മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആദ്യ ഗഡുവായി 15 കോടി രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ആശുപത്രിയുടെയും ആനകളുടെ പരിചരണത്തിനായി ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെയും പദ്ധതി രേഖകൾ മുകേഷ് അംബാനിക്ക് സമർപ്പിച്ചു.
‘എന്ത് സഹായവും നൽകാം’ എന്ന് അദ്ദേഹം ദേവസ്വം ചെയർമാന് ഉറപ്പ് നൽകി. ഗുജറാത്തിലെ റിലയൻസിൻ്റെ ‘വൻതാര വന്യജീവി പരിപാലന കേന്ദ്രം’ മാതൃകയിൽ, ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഗുരുവായൂരപ്പ ദർശന പുണ്യം നേടിയതിലുള്ള സംതൃപ്തി രേഖപ്പെടുത്തിയ ശേഷം, രാവിലെ എട്ടു മണിയോടെ അദ്ദേഹം ക്ഷേത്രത്തിൽ നിന്ന് മടങ്ങി.