Mullaperiyar Dam Open: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്; മുഴുവൻ ഷട്ടറുകളും ഉയർത്തു
Mullaperiyar Dam Open Today: നിലവിൽ ഡാമിലെ ജലനിരപ്പ് 139.30 അടിയാണ്. 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ടെങ്കിലും ഇതൊഴിവാക്കാൻ സ്പിൽവെ വഴി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. സെക്കൻഡിൽ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്.

Mullaperiyar Dam
ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ നിന്നായി വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മലയോരമേഖലകളിൽ പലയിടത്തും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലിലും ദുരിതം ഒഴിയാതെ നിൽക്കുകയാണ്. അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിൻറെ ജലനിരപ്പ് വീണ്ടും ഉയർന്നു (Mullaperiyar Dam Open).
നിലവിൽ ഡാമിലെ ജലനിരപ്പ് 139.30 അടിയാണ്. 140 അടിയിലേക്ക് ജലനിരപ്പ് എത്താനുള്ള സാധ്യതയുണ്ടെങ്കിലും ഇതൊഴിവാക്കാൻ സ്പിൽവെ വഴി കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, വൃഷ്ടി പ്രദേശങ്ങളിലടക്കം കനത്ത മഴ തുടരുന്നത് കൂടുതൽ വെല്ലുവിളിയാണ്. നിലവിൽ 9120 ഘനയടി വെള്ളമാണ് സ്പിൽവെ വഴി പുറത്തേക്ക് ഒഴുക്കിവിടുന്നത്.
ഇതിനിടെ, അധികജലം ഒഴുക്കി വിടുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മണിക്ക് മുഴുവൻ സ്പിൽവെ ഷട്ടറുകളും ഉയർത്തുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് വിഭാഗം അടിയന്തര മുന്നറിയിപ്പും പുറത്തിറക്കിയിട്ടുണ്ട്. 13 ഷട്ടറുകളും ഒന്നര മീറ്റർ ഉയർത്തിയായിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കിവിടുക. അങ്ങനെയെങ്കിൽ സെക്കൻഡിൽ 10000 ഘനയടി വെള്ളം ഒഴുക്കാനാണ് ലക്ഷ്യമിടുന്നത്.
Also Read: മഴ ഇന്നും കനക്കും… നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരും മണിക്കൂറിലെ മുന്നറിയിപ്പ് ഇങ്ങനെ
ഇടുക്കിയിൽ കനത്ത നാശനഷ്ടം
ശക്തമായ മഴയിൽ റോഡിലുണ്ടായ മൺകൂനയിൽ സ്‌കൂട്ടർ ഇടിച്ച് ഒരാൾക്ക് ജീവൻ നഷ്ടമായി. പറപ്പിള്ളിവീട്ടിൽ തങ്കച്ചനാണ് മരിച്ചത്. കടയടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി 12 മണിയോടെയാണ് അപകടം. മഴ മൂലം റോഡിലേക്ക് വീണ കല്ലും മണ്ണും ഇയാളുടെ ശ്രദ്ധയിൽപെടാതെ വന്നതാണ് അപകടത്തിന് കാരണമായത്. അതിനിടെ, കനത്തമഴയെ തുടർന്ന് കുമളിയിലും പരിസരപ്രദേശങ്ങളിലും വീടുകളിലും കടകളിലും വെള്ളംകയറി. കുമളി ടൗൺ, ഹോളിഡേ ഹോം പരിസരം, വലിയകണ്ടം, ഒന്നാം മൈൽ, പെരിയാർ കോളനി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. വീട്ടിൽ കുടുങ്ങിയ നാലംഗ കുടുംബത്തെ നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി.
സംസ്ഥാനത്ത് ഇന്നും മഴ കനക്കും
സംസ്ഥാനത്ത് തുലാവർഷ കെടുതി രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയാണ് ലഭിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരും ഇന്ന് നാല് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച അലർട്ട് നിലനിൽക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ, ലക്ഷദ്വീപിനോട് ചേർന്ന് ന്യൂനമർദ്ദം നിലനിൽക്കുന്നതാണ് മഴയ്ക്ക് കാരണം. വരും മണിക്കൂറുകളിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.